ബാലുശ്ശേരി: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലും നിറംമങ്ങിയും തെളിഞ്ഞും കോഴിക്കോട് എയിംസ്. കേരളത്തിന് കേന്ദ്രം അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് (എയിംസ്) സ്ഥാപിക്കേണ്ട ജില്ലയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി നിലപാട് മാറ്റിയതും പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിച്ചതും ജില്ലക്ക് ആശങ്കയും ആശയും സമ്മാനിക്കുന്നതാണ്.
എയിംസിനായി കാസർകോട് ശക്തമായ മുറവിളികളുയരുമ്പോഴും കോഴിക്കോട് പ്രതീക്ഷയുടെ ട്രാക്കിൽ ഏറെ മുന്നിൽതന്നെയായിരുന്നു. എന്നാൽ, കാസർകോടിന് ശിപാർശയുമായി കെ.വി. തോമസ് കേന്ദ്രത്തിലെത്തിയതോടെ, അന്തർധാരകളുടെ അവസാന ലാപ്പിൽ സ്ഥാപനം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
എയിംസ് സ്ഥാപിക്കുന്നത് കോഴിക്കോട് ജില്ലയിലാകണമെന്ന ആവശ്യം തിരുത്തി, കാസർകോട് അനുവദിക്കണമെന്ന പ്രത്യേക നിവേദനവുമായാണ് പ്രഫ. കെ.വി. തോമസ് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയെ കണ്ടത്. എന്നാൽ തോമസിന് അബദ്ധം പറ്റിയതാണെന്ന് പിന്നീട് തിരുത്തലുണ്ടായത് കോഴിക്കോട്ടുകാർക്ക് ആശ്വാസമായി.
കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തില്‍ വന്നപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോഴും കോഴിക്കോട്ട് എയിംസ് അനുവദിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചിരുന്നത്. അതിനായി കിനാലൂരില്‍ വ്യവസായ വകുപ്പിനു കീഴിലുള്ള 153 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്ത് ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുമുണ്ട്. മാത്രമല്ല, ഭാവിയിലെ വികസനവും കൂടി കണ്ടുകൊണ്ട് കിനാലൂർ, കാന്തലാട് വില്ലേജുകളിൽനിന്നായി 40.68 ഹെക്ടർ സ്വകാര്യ ഭൂമി കൂടി എയിംസിനായി കണ്ടെത്തി ഏറ്റെടുക്കാനുള്ള നടപടികളും കഴിഞ്ഞവർഷം പൂർത്തിയാക്കി.
കിനാലൂരിലെ നിർദിഷ്ട സ്ഥലം സംസ്ഥാന ആരോഗ്യ മന്ത്രിയും കേന്ദ്ര -സംസ്ഥാന ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥ സംഘവും സന്ദർശിച്ച് ഏറെ സംതൃപ്തി രേഖപ്പെടുത്തിയതാണ്. സംസ്ഥാന പാതയും ദേശീയപാതയും റെയിൽവേയും എയർപോർട്ടും കിനാലൂരിന് അനുയോജ്യമായ സൗകര്യം ഒരുക്കുന്നുണ്ട്. നാട്ടുകാരും അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
എയിംസ് സ്ഥാപിക്കാൻ കിടപ്പാടം പോലും വിട്ടുനൽകാൻ സന്നദ്ധരായാണ് നാട്ടുകാർ രംഗത്തുവന്നിരുന്നത്. എയിംസിനായി ഏറ്റെടുത്ത ഭൂമിയുടെ പാരിസ്ഥിതികാഘാത പഠനങ്ങളും പരിശോധനകളും പൂര്‍ത്തിയാക്കി വിദഗ്ദ റിപ്പോർട്ടുകളും നേരത്തെ സമർപ്പിച്ചിട്ടുണ്ട്.
കേരളത്തിൽ എയിംസ് സ്ഥാപിക്കുകയാണെങ്കിൽ അത് കോഴിക്കോട് ജില്ലയിലെ കിനാലൂരിലായിരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിലടക്കം പ്രസ്താവിച്ചത് കിനാലൂരിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തിയതിനെ തുടർന്നായിരുന്നു. എന്നാലിപ്പോള്‍ സംസ്ഥാന പ്രതിനിധി കേന്ദ്ര ആരോഗ്യമന്ത്രിക്ക് നൽകിയ കത്തിൽ, എയിംസ് കാസർകോട് മതിയെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്.
നിലപാട് മാറ്റിയെങ്കിലും പുറത്തുവന്ന കത്തിലെ ഉള്ളടക്കം ജില്ലക്കാരിൽ ആശങ്കയുയർത്തിയിട്ടുണ്ട്. സ്ഥലംമാറ്റത്തിന്റെ കാരണമായി കത്തിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങളാണിതിന് കാരണം.
കാസർകോട് ജില്ലയില്‍ മംഗളൂരുവില്‍നിന്ന് 25 കി.മീ. മാത്രം അകലെ എയിംസിന് പറ്റിയ സ്ഥലം കേരള സര്‍ക്കാര്‍ കണ്ടെത്തിയതായും വികസന, ആരോഗ്യ രംഗങ്ങളില്‍ പിന്നാക്കജില്ലയായ കാസർകോട് ചികിത്സ സൗകര്യങ്ങള്‍ വളരെ പരിമിതമാണെന്നും ഇവിടെ എയിംസ് വന്നാല്‍ തെക്കൻ കര്‍ണാടകത്തിനും വടക്കൻ കേരളത്തിനും ഒരുപോലെ ഉപകരിക്കുമെന്നുമാണ് കത്തിലുള്ളത്. കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ മൂന്നു മാസത്തിനകം അനുകൂല തീരുമാനമുണ്ടാകുമെന്നാണ് കെ.വി. തോമസ് വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.