ബാലുശ്ശേരി: കിനാലൂരിൽ എയിംസിനായി സ്വകാര്യഭൂമി ഏറ്റെടുക്കാനുള്ള ആദ്യനടപടി എതിർപ്പില്ലാതെ പൂർത്തിയായി. താമരശ്ശേരി താലൂക്കിലെ കിനാലൂർ, കാന്തലാട് വില്ലേജുകളിൽപെട്ട 40.6802 ഹെക്ടർ സ്വകാര്യ ഭൂമി ഏറ്റെടുക്കാനായി സർക്കാർ വിജ്ഞാപനം കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ചിരുന്നു. കിനാലൂർ, കാന്തലാട് വില്ലേജുകളിൽപെട്ട കെ.എസ്.ഐ.ഡി.സിയുടെ കൈവശത്തിലുള്ള ഭൂമിക്ക് പുറമെ 193 കുടുംബങ്ങളുടെയും ഒരു അമ്പലത്തിന്റെയും മസ്ജിദിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ചേർത്ത് 40.6802 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്. ഏറ്റെടുക്കൽ വിജ്ഞാപനത്തിനെതിരെ ആക്ഷേപം ഉന്നയിക്കാനുള്ള 15 ദിവസത്തെ സമയപരിധി കഴിഞ്ഞതിനുശേഷമാണ് ഭൂമി ഏറ്റെടുക്കാനുള്ള ആദ്യ നടപടി പൂർത്തിയാക്കിയത്. ഭൂവുടമകളിലാരുംതന്നെ കൊയിലാണ്ടി സ്പെഷ്യൽ തഹസിൽദാർ (എൽ.എ) മുമ്പാകെ എതിർപ്പൊന്നും അറിയിച്ചിട്ടില്ല. സ്വകാര്യ ഭൂമിയുടെ സാമൂഹികാഘാത പഠന റിപ്പോർട്ട് നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമമനുസരിച്ചുള്ള ന്യായമായ നഷ്ടപരിഹാരം പദ്ധതി ബാധിതർക്ക് ലഭിക്കത്തക്കവിധത്തിലാണ് സാമൂഹികാഘാത പഠനം ചെയ്തിട്ടുള്ളത്.
ഭൂമി ഏറ്റെടുക്കേണ്ടതിലേക്കായി കിനാലൂർ വില്ലേജിൽ 82 കുടുംബങ്ങളെയും കാന്തലാട് വില്ലേജിൽ 21 കുടുംബങ്ങളെയുമാണ് കുടിയൊഴിപ്പിക്കേണ്ടി വരുക. കാന്തലാട് വില്ലേജിൽ 18.2569 ഹെക്ടർ സ്വകാര്യ ഭൂമിക്ക് 59 പേരാണ് അവകാശികൾ. കിനാലൂർ വില്ലേജിൽ 22.42 33 ഹെക്ടർ ഭൂമിക്ക് 180 പേരും അവകാശികളായുണ്ട്.
എയിംസിനായി കിനാലൂരിൽ കെ.എസ്.ഐ.ഡി.സിയുടെ 153 ഏക്കർ സ്ഥലം നേരത്തെ സർക്കാർ ഏറ്റെടുത്ത് ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്. കിനാലൂരിൽ എയിംസ് സ്ഥാപിക്കാൻ അനുവാദം ലഭിച്ചാൽ ഭാവിയിലുള്ള വികസനവും കൂടി കണക്കിലെടുത്താണ് 40.68 ഹെക്ടർ സ്വകാര്യ ഭൂമികൂടി ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഏറ്റെടുക്കുന്ന ഭൂമിക്ക് കെട്ടിടം, മരങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി വിലനിർണയം മൂന്നു മാസം കൊണ്ട് പൂർത്തിയാക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.