ബാലുശ്ശേരി: കേന്ദ്ര ബജറ്റിൽ ഇത്തവണയും പ്രഖ്യാപനമില്ല, കിനാലൂരിലെ എയിംസ് പ്രതീക്ഷക്കു മങ്ങൽ. എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ഇത്തവണയും കേരളത്തിന് നിരാശ മാത്രം.
കേരളത്തിൽ എയിംസ് സ്ഥാപിക്കുകയാണെങ്കിൽ കോഴിക്കോട് ജില്ലയിലെ കിനാലൂരിലാകുമെന്ന് മുഖ്യമന്ത്രി നിയമസഭയിലടക്കം പ്രഖ്യാപിച്ചതോടെ കിനാലൂർ പ്രദേശം ഏറെ പ്രതീക്ഷയിലായിരുന്നു. കാസർകോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളും എയിംസ് സ്ഥാപിക്കാനായി സ്ഥലമടക്കം വാഗ്ദാനം ചെയ്ത് രംഗത്തുവന്നിരുന്നു.
സംസ്ഥാനത്ത് എവിടെ എയിംസ് സ്ഥാപിക്കണമെന്ന കാര്യത്തിൽ വ്യത്യസ്ത താൽപര്യങ്ങൾ നിലനിന്നതോടെയാണ് പ്രഖ്യാപനം വൈകുന്നതെന്നാണ് പറയപ്പെടുന്നത്.
കേരളത്തിൽ എയിംസ് അനുവദിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം തത്ത്വത്തിൽ അനുമതി നൽകിയതോടെയാണ് സംസ്ഥാന സർക്കാർ ഭൂമി ലഭ്യമാക്കാനുള്ള നടപടികൾക്ക് തുടക്കംകുറിച്ചത്. കിനാലൂരിൽ വ്യവസായ വകുപ്പിനു കീഴിലുള്ള 200 ഏക്കർ ഭൂമിക്കു പുറമെ 100 ഏക്കർ സ്വകാര്യ ഭൂമി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി.
ഇത്തവണത്തെ ബജറ്റിലും എയിംസ് പ്രഖ്യാപനമില്ലാതായതോടെ സ്വകാര്യ ഭൂമി ഏറ്റെടുക്കാനായി അടയാളപ്പെടുത്തിയ ഭൂവുടമകൾ ആശങ്കയിലായിരിക്കയാണ്. ഭൂമി റവന്യൂ വകുപ്പ് മാർക്ക് ചെയ്തതോടെ മറ്റു നിർമാണ പ്രവർത്തനങ്ങളോ ക്രയവിക്രയങ്ങളോ നടത്താനാകില്ല.
കാസർകോട് എയിംസ് സ്ഥാപിക്കാനായി സാമൂഹിക പ്രവർത്തക ദയാഭായിയുടെ നേതൃത്വത്തിൽ നിരാഹാരസമരമടക്കമുള്ള പ്രതിഷേധസമരങ്ങൾ നടന്നുവരുന്നുണ്ട്. കേന്ദ്ര സർക്കാറിന്റെ രാഷ്ട്രീയ നിലപാടുകളും കോഴിക്കോട് ജില്ലയിൽ എയിംസ് വരുന്നതിന് എതിരുനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.