അന്തർ സംസ്ഥാന തൊഴിലാളികൾക്ക് താമസിക്കാൻ ഇനി 'അപ്നാ ഘർ'

ബാലുശ്ശേരി: ചുരുങ്ങിയ ചെലവിൽ വൃത്തിയും സൗകര്യപ്രദവുമായ താമസസൗകര്യമെന്ന സ്വപ്നം അതിഥി തൊഴിലാളികൾക്ക് ഇനി അകലെയല്ല. ഉത്തരേന്ത്യൻ ആഘോഷങ്ങളുടെയും ജീവിതങ്ങളുടെയും ചിത്രങ്ങൾ പതിച്ച ചുവരുകൾ, വിനോദത്തിനും വിശ്രമത്തിനും പ്രത്യേകം മുറികൾ, വൃത്തിയും വെടിപ്പുമുള്ള ഭക്ഷണശാലകൾ, ശുചിമുറികൾ എന്നിവയെല്ലാമുണ്ട് കിനാലൂരിൽ അതിഥി തൊഴിലാളികൾക്കായി ഒരുക്കിയ അപ്നാ ഘറിൽ. ഉദ്ഘാടന ചടങ്ങിലും അന്തർ സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായി. ഇവർക്കായി മന്ത്രിയുടെ പ്രസംഗം ഹിന്ദിയിലേക്ക് തർജമ ചെയ്യുകയുമുണ്ടായി.

ഒന്നാം ഘട്ടത്തിന്റെ ഭാഗമായി താഴെ നിലയിലെ പണിയാണ് പൂർത്തിയായത്. 7.76 കോടി രൂപ ചെലവിട്ടാണ് താഴത്തെ നിലയുടെ നിർമാണം പൂർത്തിയാക്കിയത്. സർക്കാറിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള ഭവനം ഫൗണ്ടേഷൻ കേരളയാണ് പദ്ധതി നടപ്പാക്കിയത്. അഞ്ഞൂറോളം അതിഥി തൊഴിലാളികൾക്ക് താമസിക്കാൻ സാധിക്കുന്ന രീതിയിലാണ് കെട്ടിടം ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ 100 പേർക്ക് ഇവിടെ താമസിക്കാം. കിനാലൂരിൽ കെ.എസ്.ഐ.ഡി.സിയുടെ ഇൻഡസ്ട്രിയൽ ഗ്രോത്ത് സെന്ററിനുള്ളിൽ ഒരേക്കർ ഭൂമി ബി.എഫ്.കെ പാട്ടത്തിന് എടുത്ത് 43,600 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്നു നിലകളിലായാണ് ഹോസ്റ്റൽ സമുച്ചയം നിർമിക്കുന്നത്.

ഒന്നാം ഘട്ടത്തിൽ 15,760 ചതുരശ്ര അടി വിസ്തീർണത്തിൽ ലോബി ഏരിയ, വാർഡന്റെ മുറി, ഓഫിസ് മുറി, 180 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഭക്ഷണമുറി, വർക്ക് ഏരിയ, സ്റ്റോർ മുറി, ഭക്ഷണം തയാറാക്കുന്ന മുറി, അടുക്കള, ടോയ് ലറ്റ് ബ്ലോക്ക്, 100 കിടക്കകളോടു കൂടിയ കിടപ്പുമുറികൾ, റിക്രിയേഷനൽ സൗകര്യങ്ങൾ, പാർക്കിങ് സൗകര്യം, അഗ്നിബാധാ പ്രതിരോധ സംവിധാനം, മഴവെള്ള സംഭരണി, ഡീസൽ ജനറേറ്റർ തുടങ്ങിയവയും 24 മണിക്കൂറും സെക്യൂരിറ്റി സംവിധാനവുമുണ്ട്. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. കിനാലൂർ വ്യവസായ വികസന കേന്ദ്രത്തിലെ ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങളിലെല്ലാംതന്നെ അന്തർസംസ്ഥാന തൊഴിലാളികളാണ് ഏറെയും ജോലി ചെയ്യുന്നത്. പലരും ഇപ്പോൾ സ്ഥാപനങ്ങളിൽതന്നെ ഞെക്കിഞെരുങ്ങിയാണ് താമസിക്കുന്നത്. അഞ്ഞൂറിലധികം അന്തർ സംസ്ഥാന തൊഴിലാളികൾ കിനാലൂരിൽ മാത്രമായുണ്ട്. പാലക്കാട് കഞ്ചിക്കോട്ടു 670 പേർക്ക് താമസിക്കാവുന്ന ഹോസ്റ്റൽ കെട്ടിടം പ്രവർത്തിക്കുന്നുണ്ട്. എറണാകുളത്ത് കളമശ്ശേരിയിലും അന്തർസംസ്ഥാന തൊഴിലാളികൾക്കായി അപ്നാ ഘർ ഹോസ്റ്റൽ നിർമാണം നടന്നുവരുകയാണ്.

Tags:    
News Summary - Apna Ghar: house for inter-state workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.