ബാലുശ്ശേരി: സി.എ.എ വിഷയത്തിൽ മുഖ്യമന്ത്രി പച്ചനുണ പറയുകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം. ബാലുശ്ശേരി നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബൽറാം. പൗരത്വ ഭേദഗതി ബില്ലിനെ പാർലമെന്റിൽ അതിശക്തമായി എതിർത്തത് കോൺഗ്രസാണ്. കേരളത്തിലെ മുഴുവൻ ലോക്സഭാംഗങ്ങളും ബില്ലിനെ എതിർത്ത് വോട്ട് ചെയ്തതാണ്. ഇക്കാര്യം മറച്ചുവെച്ചാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഒരുഭാഗത്ത് സി.എ.എ കേരളത്തിൽ നടപ്പാക്കില്ലെന്ന് പറയുന്ന പിണറായി മറുഭാഗത്ത് ഇതിനെതിരെ സമരം ചെയ്യുന്നവരെ കേസിൽ കുടുക്കുകയാണ്.
രണ്ടുവർഷം മുമ്പ് ബിൽ കൊണ്ടുവന്നപ്പോൾ പ്രതിഷേധിച്ചവർക്കെതിരെ വ്യാപകമായി കേസെടുത്തു. ഏതാനും കേസുകൾ മാത്രമാണ് പിൻവലിച്ചത്. ഇപ്പോൾ വീണ്ടും കേസെടുക്കുകയാണ്. സി.എ.എ നടപ്പാവാതിരിക്കണമെങ്കിൽ നരേന്ദ്ര മോദിയെ താഴെയിറക്കണമെന്നും അദ്ദേഹം പറഞ്ഞു.
സി. രാജൻ അധ്യക്ഷതവഹിച്ചു. മുൻ മന്ത്രി കെ.സി. ജോസഫ്, സ്ഥാനാർഥി എം.കെ. രാഘവൻ, ടി.ടി. ഇസ്മായിൽ, അഡ്വ. പി.എം. നിയാസ്, കെ. ബാലകൃഷ്ണൻ കിടാവ്, അഹമ്മദ് കുട്ടി ഉണ്ണികുളം, നാസർ എസ്റ്റേറ്റ്മുക്ക്, നിസാർ ചേലേരി, കെ.എം. അഭിജിത്ത്, യു.വി. ദിനേശ് മണി, കെ. രാമചന്ദ്രൻ മാസ്റ്റർ, സാജിദ് കോറോത്ത്, കെ.എം. ഉമ്മർ, എ.കെ. അബ്ദുൽ സമദ്, സാജിദ് നടുവണ്ണൂർ, കെ.പി. ബാബു, ജൈസൽ അത്തോളി, ആർ. ഷഹിൻ, വൈശാഖ് കണ്ണോറ, അഗസ്റ്റിൻ കാരക്കട എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.