ബാലുശ്ശേരി: കുറുമ്പൊയിലിൽ ക്വാറി വെയ്സ്റ്റ് ഇറക്കി കണ്ണാടിപ്പൊയിൽ ഭാഗത്തേക്ക് വരുകയായിരുന്ന ടിപ്പർ ലോറിക്കുനേരെ ഗുണ്ടാ ആക്രമണം. ടിപ്പറിന്റെ ഗ്ലാസ് എറിഞ്ഞു തകർക്കുകയും ഡ്രൈവർ പൂനൂർ മാടത്തുംപൊയിൽ ആഷിഖിനെ (24) മർദിക്കുകയും ചെയ്തതായി പരാതി. ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. കുറുമ്പൊയിൽ ഭാഗത്തേക്ക് വരുകയായിരുന്ന സ്വിഫ്റ്റ് കാറിലെത്തിയ നാലംഗ സംഘം ടിപ്പറിനു മുന്നിൽ കുറുകെ നിർത്തി ആക്രമിക്കുകയായിരുന്നു.
ടിപ്പറിന്റെ ഗ്ലാസ് ഉയർത്തിയിട്ടതിനാൽ മദ്യക്കുപ്പി കൊണ്ട് എറിഞ്ഞ് ഗ്ലാസ് തകർക്കുകയും ഡ്രൈവറെ മർദിക്കുകയുമായിരുന്നുവെന്നാണ് പരാതി. പരിസരവാസികൾ ഓടിക്കൂടിയതോടെ ഗുണ്ടാസംഘം കാറിൽ രക്ഷപ്പെട്ടു. അക്രമത്തിൽ ഡ്രൈവർ ആഷിഖിനും കൂടെയുണ്ടായിരുന്ന റാഷിദിനും പരിക്കേറ്റു.
ഇവർ ബാലുശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. കട്ടിപ്പാറ ക്രഷറിൽ നിന്നും സാധനം എടുത്തതുമായി ബന്ധപ്പെട്ട് നാലുമാസം മുമ്പ് വാക്തർക്കവും സംഘർഷവുമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസും നിലവിലുണ്ട്. കേസിൽ ഉൾപ്പെട്ട സംഘമാണ് അക്രമത്തിനു പിന്നിലെന്നാണ് കരുതുന്നത്. ആഷിഖ് നൽകിയ പരാതിയിൽ ബാലുശ്ശേരി പൊലീസ് അന്വേഷണം നടത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.