ബാലുശ്ശേരി: ബാലശാസ്ത്ര കോൺഗ്രസ് സംസ്ഥാന മത്സരത്തിൽ ബാലുശ്ശേരി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് ഇരട്ടനേട്ടം. തിരുവനന്തപുരം മൺവിള എ.സി.എസ്.ടി.ഐയിൽ നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ സംസ്ഥാനതല മത്സരത്തിൽ ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസിലെ ഹൈസ്കൂൾ - ഹയർ സെക്കൻഡറി വിഭാഗത്തിൽ അവതരിപ്പിച്ച രണ്ടു പ്രോജക്ടുകളും ദേശീയമത്സരത്തിന് യോഗ്യതനേടി. സംസ്ഥാനതലത്തിൽ അവതരിപ്പിക്കപ്പെട്ട 116 പ്രോജക്ടുകളിൽ 16 എണ്ണമാണ് ദേശീയതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജൈവമാലിന്യ സംസ്കരണത്തിൽ വിവിധ ജീവികളുടെ പങ്കിനെക്കുറിച്ച് പഠിച്ച ഡി.എസ്. കൃഷ്ണേന്ദു, ഹരിത ജയൻ എന്നിവരാണ് ഹൈസ്കൂൾ (ജൂനിയർ) വിഭാഗത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാനും ആരോഗ്യകരമായ ഭക്ഷണ ശീലത്തിനും ചെറുധാന്യങ്ങൾ എന്ന വിഷയത്തിൽ കെ.പി. ആതിരയും കെ. റഫഹനൂനും അവതരിപ്പിച്ച പ്രോജക്ടാണ് ഹയർസെക്കൻഡറി (സീനിയർ) വിഭാഗത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. ചെറുധാന്യ വർഷമായി ആചരിക്കുന്നവേളയിൽ ഏറെ പ്രാധാന്യമുള്ളതാണ് ഈ പ്രോജക്ട്. പ്രിൻസിപ്പൽ ആർ. ഇന്ദു, അധ്യാപകരായ ഫിജോ ജേക്കബ്, എൻ.പി. ധന്യ, യു.കെ. ഷജിൽ എന്നിവർ കുട്ടികൾക്ക് മാർഗനിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.