ബാലുശ്ശേരി: കക്കയത്ത് കർഷകനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ പിടിക്കുന്നത് പ്രഹസനമാകുന്നു. കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവുണ്ടായിട്ടും നടപ്പാക്കാൻ കഴിയാതെ വനംവകുപ്പ് ഇരുട്ടിൽ തപ്പുകയാണെന്ന ആക്ഷേപം ഉയരുന്നു. രാവിലെ ആറു മണിയോടെയാണ് കാട്ടുപോത്തടക്കമുള്ള മൃഗങ്ങൾ വനമേഖലയിൽ കാണപ്പെടുന്നത്. വൈകീട്ടു നാലു മണിക്കു ശേഷവും മൃഗങ്ങൾ മേയാനിറങ്ങും. എന്നാൽ വനം ഉദ്യോഗസ്ഥരാകട്ടെ രാവിലെ ഒമ്പത് മണിയോടെയാണ് അക്രമകാരിയായ കാട്ടുപോത്തിനെ തേടിയിറങ്ങുക. അപ്പോഴേക്കും കാട്ടുപോത്തിൻകൂട്ടം വനത്തിനുള്ളിലേക്കു മടങ്ങിയിരിക്കും. വൈകീട്ട് നാലുമണിയാകുമ്പോഴേക്കും ഉദ്യോഗസ്ഥ സംഘം തിരച്ചിൽ നിർത്തി മടങ്ങുകയും ചെയ്യും.
ഉദ്യോഗസ്ഥ സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്തുള്ള പരിശോധന തുടരുന്നുണ്ടെങ്കിലും അക്രമിയായ കാട്ടുപോത്തിനെ വെടിവെക്കാൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇനി ഇവയെ കണ്ടാൽ തന്നെ കൊലയാളി കാട്ടുപോത്തിനെ കണ്ടെത്തുകയെന്നതും പ്രയാസകരമാണ്. കർഷകനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ ഒരാഴ്ച കഴിഞ്ഞിട്ടും പിടികൂടാത്ത വനം വകുപ്പ് നടപടിക്കെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധമുയരുകയാണ്. കാട്ടുപോത്തിനെ പേടിച്ച് നാട്ടുകാർക്ക് സമാധാനപൂർവം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. തൊഴിലാളികൾ റബർ ടാപ്പിങ്ങടക്കമുള്ള ജോലികൾ നിർത്തിവെച്ചിരിക്കയാണ്. കക്കയം കെ.എസ്.ഇ.ബി പരിസരത്തുള്ള ഗവ. സ്കൂളിലേക്ക് കുട്ടികളെ അയക്കാനും രക്ഷിതാക്കൾ ഭയപ്പെടുന്നു. കക്കയം അമ്പലക്കുന്ന് കോളനിയിൽനിന്ന് മൂന്നുകിലോമീറ്ററോളം നടന്നുവേണം കുട്ടികൾക്ക് സ്കൂളിലെത്താൻ. രാത്രികാലങ്ങളിൽ കാട്ടാനയും കാട്ടുപോത്തും വിഹരിക്കുന്ന കേന്ദ്രങ്ങളാണ് കെ.എസ്.ഇ.ബി ഗെസ്റ്റ് ഹൗസ് പരിസരവും സ്കൂൾ പരിസരവും.
കക്കയത്തെയും പരിസരത്തെയും ടൂറിസം കേന്ദ്രങ്ങളും ഒരറിയിപ്പുണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണ്. 15ന് കക്കയംഅങ്ങാടിയിൽ എടവകയുടെ ആഭിമുഖ്യത്തിൽ ജനകീയ പ്രതിഷേധ റാലി നടത്താനും 18ന് രാവിലെ കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഓഫിസിനു മുന്നിൽ സർവകക്ഷി ജനകീയ സമിതിയുടെ നേതൃത്വത്തിൽ ധർണ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.