ബാലുശ്ശേരി: കിനാലൂർ മങ്കയം എറമ്പറ്റ മലയിൽ വൻ തീപിടിത്തം; 30 ഏക്കറോളം സ്ഥലം കത്തിനശിച്ചു. തിങ്കളാഴ്ച പുലർച്ച ഒരു മണിയോടെയാണ് മങ്കയം റോഡോരത്തായുള്ള എറമ്പറ്റ ഭാഗത്തെ ഉണങ്ങിയ വള്ളിപ്പടർപ്പുകൾ നിറഞ്ഞ അടിക്കാടുകൾക്ക് തീപിടിച്ചത്.
മണിക്കൂറുകൾകൊണ്ട് എറമ്പറ്റ മലയിലേക്ക് തീ പടരുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നരിക്കുനിയിൽ നിന്നും രണ്ടു യൂനിറ്റ് അഗ്നിരക്ഷ സേന സ്ഥലത്തെത്തിയെങ്കിലും മലയിലേക്ക് പടർന്ന തീയണക്കാൻ സാധിച്ചിരുന്നില്ല. താഴെയുള്ള ജനവാസ മേഖലയിലേക്ക് തീ പടരാതിരിക്കാനുള്ള രക്ഷാശ്രമങ്ങൾ നാട്ടുകാരും അഗ്നിരക്ഷ സേന സംഘവുംചേർന്ന് നടത്തിയതിനാൽ കൂടുതൽ നാശനഷ്ടങ്ങളുണ്ടായില്ല. മലയിലേക്ക് പടർന്ന തീ തെയ്യത്തുംപാറ ഭാഗംവരെ പടർന്നുപിടിച്ചിരുന്നു.
പുലർച്ച പടർന്നുപിടിച്ച തീ ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ രണ്ട് യൂനിറ്റ് അഗ്നിരക്ഷ സേന സംഘം വീണ്ടുമെത്തിയാണ് പൂർണമായും അണക്കാൻ കഴിഞ്ഞത്. സീനിയർ ഫയർ ഓഫിസർ വി. വിജയന്റെ നേതൃത്വത്തിൽ ജിനു കുമാർ, എം.വി. അരുൺ, അഭിഷേക്, ബിപുൽ സത്യൻ, അഭീഷ്, കെ.സി. ചന്ദ്രൻ, സൂരജ്, വേണു, ടി. സജിത് കുമാർ, മുരളീധരൻ, രജിൽ, രത്നൻ എന്നിവർ തീയണക്കാൻ നേതൃത്വം നൽകി.
കഴിഞ്ഞ ആഴ്ച കിനാലൂർ ഉഷ സ്കൂളിലെ സിന്തറ്റിക് ട്രാക്കിനടുത്തുള്ള രണ്ട് ഏക്രയോളം സ്ഥലത്തും കൈതച്ചാൽ ഭാഗത്തും അടിക്കാടുകൾ കത്തിച്ചാമ്പലായിട്ടുണ്ട്. എല്ലാ വർഷവും ഇതേ ഭാഗത്തുള്ള സ്വകാര്യ ഭൂമിയിലാണ് തീ പടരുന്നത്. ഇവിടെ ഭൂമി കൈവശമുള്ളവർ മിക്കവരും പുറത്തുള്ളവരാണ്.
രാത്രികാലത്ത് അടിക്കാടിനു തീ കൊടുത്താൽ പകലാകുമ്പോഴേക്കും സ്ഥലം വൃത്തിയാക്കിട്ടുമെന്ന ധാരണയിൽ ആളെ നിയോഗിച്ച് കാടിന് കരുതിക്കൂട്ടി തീ കൊടുക്കുന്നതാണെന്ന ആരോപണവുമുണ്ട്. ബാലുശ്ശേരി, പനങ്ങാട്, തലയാട് മേഖലയിൽ ഇടക്കിടെയുണ്ടാകുന്ന തീ കെടുത്താൻ നരിക്കുനിയിൽ നിന്നുവേണം അഗ്നിരക്ഷ സേനയെത്താൻ. നരിക്കുനിയിൽനിന്നോ പേരാമ്പ്രയിൽനിന്നോ അഗ്നിരക്ഷ സേന എത്തുമ്പോഴേക്കും തീ പടർന്ന് ഭാഗികമായി നാശനഷ്ടം സംഭവിച്ചിട്ടുണ്ടാകും.
ഇതിനു പരിഹാരമായി ബാലുശ്ശേരി ആസ്ഥാനമായി അഗ്നിരക്ഷ സേന കേന്ദ്രം ആരംഭിക്കണമെന്ന് എൻ.സി.പി പനങ്ങാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഷാജി കെ. പണിക്കർ, കെ. ചന്ദ്രൻ നായർ, കൃഷ്ണൻ കൈതോട്ട്, മുഹമ്മദ് കോട്ടയിൽ, ബഷീർ അഹമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.