താ​മ​ര​ശ്ശേ​രി ത​ച്ച​ൻ​പൊ​യി​ലി​ന് സ​മീ​പം ചാ​ല​ക്ക​ര​യി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടു​ണ്ടാ​യ അ​പ​ക​ടം

കൊയിലാണ്ടി-താമരശ്ശേരി-എടവണ്ണ; മരണപ്പാത

ബാലുശ്ശേരി/ ഉള്ള്യേരി/ താമരശ്ശേരി: നവീകരണം പൂർത്തിയാവുന്ന കൊയിലാണ്ടി - താമരശ്ശേരി - എടവണ്ണ സംസ്ഥാനപാത ചോരപ്പാതയായി മാറി. റോഡ് പണി തീരുമ്പോഴേക്കും എത്ര മനുഷ്യ ജീവനുകൾ പൊലിയുമെന്ന ആശങ്കയാണ് നിത്യേനയെന്നോണം വരുന്ന അപകടവാർത്തകൾ പങ്കുവെക്കുന്നത്.

നിർമാണഘട്ടത്തിൽ പാലിക്കേണ്ട മുൻകരുതലുകളോ ജാഗ്രതനിർദേശങ്ങളോ ഇല്ലാത്തതാണ് പാതയോരങ്ങളെ കുരുതിക്കളമാക്കുന്നത്. സംസ്ഥാനപാത വീതികൂട്ടി നവീകരിച്ചതോടെ വാഹനങ്ങൾ നിയന്ത്രണമില്ലാതെ കുതിച്ചുപായുന്നു. നവീകരണപ്രവൃത്തി പൂർത്തിയായ ഭാഗങ്ങളിൽ ഡിവൈഡറുകളോ സിഗ്നലുകളോ സ്ഥാപിച്ചിട്ടില്ല.

റോഡിൽ തെരുവ് വിളക്കുമില്ല. അതുകൊണ്ടുതന്നെ ട്രാഫിക് നിയമങ്ങൾ പാലിക്കാതെയാണ് വാഹനങ്ങൾ കുതിക്കുന്നത്. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ മഹാദുരന്തങ്ങളുടെ പാതയായി സംസ്ഥാനപാത മാറും. സംസ്ഥാനപാത രണ്ടുവരിപ്പാതയായി നവീകരിക്കുന്ന പ്രവൃത്തി പൂർത്തിയാകുന്നതിനു മുമ്പേതന്നെ ഉേള്ള്യരി മുതൽ താമരശ്ശേരി വരെയുള്ള ഭാഗങ്ങളിൽ അപകടങ്ങൾ നിത്യസംഭവങ്ങളായി മാറി.

ഉേള്ള്യരി, ബാലുശ്ശേരി, താമരശ്ശേരി ഭാഗത്ത് സംസ്ഥാനപാതയിൽ അടുത്ത കാലത്ത് ഡസനിലേറെ ജീവനുകളാണ് പൊലിഞ്ഞത്. പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്നവർ അനവധി. കഴിഞ്ഞ മേയിൽ ബാലുശ്ശേരി ഗോകുലം കോളജിനു മുന്നിൽ സ്കൂട്ടറിൽ കാറിടിച്ച് മധ്യവയസ്കൻ മരിച്ചത് റോഡിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനിടയിലായിരുന്നു.

കൂടെ സഞ്ചരിച്ച ഭാര്യ പരിക്കുകളോടെ രക്ഷപ്പെട്ടു. ആഗസ്റ്റിൽ ഉേള്ള്യരി 19ൽ കാർ നിയന്ത്രണംവിട്ട് ബൈക്കിലിടിച്ച് രണ്ട് യുവ എൻജിനീയർമാർ മരിച്ചു. അമിതവേഗത്തിൽ വന്ന കാർ റോഡിൽനിന്ന് നിയന്ത്രണംവിട്ട് തെന്നി മറിഞ്ഞ് സ്കൂട്ടർ യാത്രക്കാരെ ഇടിക്കുകയായിരുന്നു.

സെപ്റ്റംബറിൽ പനായി മുക്കിൽ നിർത്തിയിട്ട ബൈക്കിലിരുന്ന് ഫോണിൽ സംസാരിക്കുകയായിരുന്ന മധ്യവയസ്കൻ നിയന്ത്രണംവിട്ടു വന്ന കാർ ഇടിച്ചാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച ബാലുശ്ശേരി പുത്തൂർവട്ടം പെട്രോൾ പമ്പിന് മുന്നിൽ നിയന്ത്രണംവിട്ട കാർ ട്രാൻസ്ഫോമറിന്റെ സ്വിച്ച് ബോർഡ് ഇടിച്ചു തകർത്തു. കാറിലെ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

ഒരാഴ്ച മുമ്പ് വട്ടോളി ബസാറിനടുത്ത് റോഡിൽ നിന്ന് തെന്നിമാറിയ ബസ് ഇലക്ട്രിക് പോസ്റ്റിനിടിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബാലുശ്ശേരി കോക്കല്ലൂർ ഭാഗങ്ങളിൽ ജപ്പാൻ പൈപ്പ് ലൈൻ ഇടക്കിടെ പൊട്ടി ചോരുന്നതു കാരണം നവീകരിച്ച റോഡ് പലപ്പോഴും കുത്തിപ്പൊളിക്കാനിടയാകുന്നുണ്ട്.

റോഡിൽ കുഴികൾ രൂപപ്പെടുന്നതിന് ഇത് കാരണമാകുന്നു. മിക്ക ഭാഗങ്ങളിലും കലുങ്ക് നിർമാണം ഭാഗികമായാണ് പൂർത്തിയാക്കിയിട്ടുള്ളത്. ഇതാകട്ടെ രാത്രി വാഹനങ്ങൾ അപകടത്തിൽപെടാൻ ഇടയാക്കുന്നു.

സ്ഥിരം അപകട മേഖലയായ ഉളേള്യരി പത്തൊമ്പതിൽ ഏതാനും വർഷങ്ങൾക്കിടെ എട്ടുപേരുടെ ജീവൻ നഷ്ടമായിട്ടുണ്ട്. പറമ്പിൻ മുകൾ അങ്ങാടി മുതൽ ഉള്ള്യേരി ഈസ്റ്റ് മുക്ക് ജങ്ഷൻ വരെ രണ്ടു കിലോമീറ്ററോളം നേരെയുള്ള റോഡും ഇറക്കവുമാണ്.

വേഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഈ മേഖലയിൽ ഇല്ല. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ച താമരശ്ശേരിക്ക് സമീപം കോരങ്ങാട് കാറപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഉള്ള്യേരി എക്കാലയുള്ളതില്‍ ഷഫീക്കിന്റെ മകള്‍ ഫാത്തിമ അസിൻ (8) മരിച്ചിരുന്നു.

മൈസൂരു യാത്ര കഴിഞ്ഞ് കുടുംബസമേതം തിരികെ വരുമ്പോള്‍ ഇവർ സഞ്ചരിച്ച കാര്‍ വൈദ്യുതിക്കാലിലിടിക്കുകയായിരുന്നു. ഏറ്റവുമൊടുവിൽ താമരശ്ശേരി തച്ചൻപൊയിലിന് സമീപം ചാലക്കരയിൽ തിങ്കളാഴ്ച വൈകീട്ടുണ്ടായ അപകടത്തിൽ പൊലിഞ്ഞത് രണ്ട് ചെറുപ്പക്കാരുടെ ജീവൻ.

താമരശ്ശേരി ആലിക്കുന്നുമ്മൽ യദുകൃഷ്ണ (18), കുടുക്കിലുമ്മാരം പൗലോസ് (19) എന്നിവരാണ് ദാരുണമായി മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിൽ ബസിടിച്ച് യുവാക്കൾ കണ്ടയിനർ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. ഈ അപകടത്തിന്റെ രണ്ടു ദിവസം മുമ്പ് മറ്റൊരു വാഹനാപകടവുമുണ്ടായിരുന്നു.

Tags:    
News Summary - Koilandi-Tamarassery-Edavanna road More than a dozen lives have been lost in recent years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.