ബാലുശ്ശേരി: എം.പിയുടെയും എം.എൽ.എയുടെയും ആസ്തിവികസന ഫണ്ടിൽനിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് ബാലുശ്ശേരി ബസ് സ്റ്റാൻഡിലും ബാലുശ്ശേരിമുക്ക് ജങ്ഷനിലും സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ അണഞ്ഞിട്ട് മാസങ്ങൾ പിന്നിട്ടു. സംസ്ഥാന പാതയിൽ താമരശ്ശേരി-കൊയിലാണ്ടി-കോഴിക്കോട് റോഡുകളുടെ സംഗമകേന്ദ്രമായ ബാലുശ്ശേരി മുക്കിൽ മുൻ എം.എൽ.എ പുരുഷൻ കടലുണ്ടിയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. സ്ഥാപിച്ച് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ പ്രവർത്തന രഹിതമായി.
നിരവധി വാഹനങ്ങളാണ് മുക്ക് ജങ്ഷനിൽനിന്നും മൂന്നു റോഡുകളിലേക്കായി തിരിയുന്നത്. സമീപത്തെ കടകളിൽനിന്നുള്ള വെളിച്ചമാണ് വാഹനങ്ങൾക്കും കാൽനടക്കാർക്കും സഹായകമാകുന്നത്.ബസ് സ്റ്റാൻഡിനുമുന്നിൽ എം.കെ. രാഘവൻ എം.പിയുടെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള പത്തുലക്ഷത്തോളം രൂപ ചെലവിട്ടാണ് കൂറ്റൻ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. സ്ഥാപിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഇതും പ്രവർത്തന രഹിതമായി.
ഹൈമാസ്റ്റ് ലൈറ്റുകൾ അറ്റകുറ്റപ്പണി നടത്താൻ പഞ്ചായത്തധികൃതരോ ജനപ്രതിനിധികളോ തയാറായിട്ടില്ല. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.