ബാലുശ്ശേരി: തലയാട് 26ാം മൈൽ പേര്യമലയിൽ മലയിടിച്ചിലും മണ്ണൊലിപ്പും വർധിച്ചതോടെ പ്രദേശവാസികൾ ആശങ്കയിൽ. മഴ ശക്തമാകുന്നതോടെ പേര്യമലയുടെ പല ഭാഗങ്ങളിലും വലിയ തോതിലാണ് മണ്ണിടിച്ചിലും മണ്ണൊലിപ്പും ഉണ്ടാകുന്നത്. ഭൂമിയിൽ വിള്ളലും പ്രത്യക്ഷപ്പെടുന്നുണ്ട്.
ഓരോ മണ്ണിടിച്ചിലുണ്ടാകുമ്പോഴും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് മടങ്ങുകയല്ലാതെ പ്രദേശവാസികളുടെ ആശങ്കയകറ്റാനുള്ള തുടർനടപടികളൊന്നും സ്വീകരിക്കാറില്ല. കഴിഞ്ഞദിവസം പേര്യ മലയുടെ വലിയൊരു ഭാഗം അടർന്ന് താഴോട്ട് പതിച്ചു.
രണ്ടുമാസം മുമ്പ് കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞു വീണു പേര്യമല റോഡ് പാടെ തകർന്നിരുന്നു. പേര്യ മലയിലും താഴ്വാരത്തുമായി നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. ഏതാനും വർഷങ്ങൾക്കു മുമ്പ് വയലട, പേര്യമല, ഒരങ്കോകുന്ന് ഭാഗങ്ങളിൽ ഭൂമിയിൽ വിള്ളലുകൾ ഉണ്ടായിരുന്നു.
ഇതേത്തുടർന്ന് ജിയോളജി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനയും നടത്തി. എന്നാൽ, ഇതു കൊണ്ടൊന്നും നാട്ടുകാരുടെ ആശങ്കക്ക് പരിഹാരമായില്ല.പനങ്ങാട് പഞ്ചായത്തിലെ കിഴക്കൻ മലയോര മേഖലയിൽപെട്ട ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളും കൂടിയാണിവിടം.
ജിയോളജി വകുപ്പിെൻറ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സ്ഥലത്തെത്തി ശാസ്ത്രീയ പഠനം നടത്തി പ്രദേശവാസികളുടെ ആശങ്ക ദൂരീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.