ബാലുശ്ശേരി: റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിനെ (മാമി) കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ നൂറുകണക്കിന് പേർ പങ്കെടുത്ത ബഹുജന റാലിയും പൊതുയോഗവും നടന്നു. സ്ത്രീകളടക്കം നൂറുകണക്കിന് ആളുകൾ റാലിയിൽ പങ്കെടുത്തു. റാലിക്കുശേഷം ബസ്സ്റ്റാൻഡ് പരിസരത്തു നടന്ന പൊതുയോഗത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ അഡ്വ. പി. രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി നിർവാഹക സമിതി അംഗം കെ. രാമചന്ദ്രൻ മാസ്റ്റർ, സി.പി.എം ലോക്കൽ സെക്രട്ടറി പി.പി. രവീന്ദ്രനാഥ്, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് കെ. അഹമ്മദുകോയ, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.വി. ബാലൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് സുരേഷ് ബാബു, വ്യാപാരി വ്യവസായി സമിതി മേഖല സെക്രട്ടറി പി.ആർ. രഘുത്തമൻ, കെ. ഷാജി, അസീസ് കോഴിക്കോട്, അസ്ലം ബക്കർ, ഭരതൻ പുത്തൂർവട്ടം എന്നിവർ സംസാരിച്ചു.
മുഹമ്മദ് ആട്ടൂരിനെ കാണാതായിട്ട് 10 മാസം പിന്നിട്ടിട്ടും പൊലീസിനു കണ്ടെത്താൻ കഴിയാത്തതിൽ പ്രതിഷേധിച്ചാണ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭസമരങ്ങൾക്ക് തുടക്കംകുറിച്ചിട്ടുള്ളത്. മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്ക് നൽകാനായി നാട്ടുകാരുടെ ഒപ്പുശേഖരണം കഴിഞ്ഞ ദിവസം ബാലുശ്ശേരിയിൽ നടന്നിരുന്നു.
2023 ആഗസ്റ്റ് 21 മുതലാണ് മുഹമ്മദ് ആട്ടൂരിനെ കോഴിക്കോട് വെച്ച് കാണാതായത്. അവസാനമായി കോഴിക്കോട് സി.ഡി ടവറിലെ പള്ളിയിൽനിന്ന് വൈകീട്ട് എഴിന് നമസ്കാരം കഴിഞ്ഞ് ഇറങ്ങിയതായാണ് വിവരം. അന്നേദിവസം പകൽ സമയത്ത് ഭാര്യ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മുഹമ്മദ് സംസാരിച്ചിരുന്നു. പിന്നീട് ഫോണിലും കിട്ടിയില്ല. പിറ്റേദിവസം മുഹമ്മദിന്റെ ഫോൺ എലത്തൂർ ഭാഗത്തുവെച്ച് സ്വിച്ച് ഓണായതായി പൊലീസ് കണ്ടെത്തിയിരുന്നെങ്കിലും ആളെ കണ്ടെത്താനായില്ല. ഇതിനിടെ മുഹമ്മദിന്റെ അടുപ്പക്കാരിൽ ചിലർക്ക് തിരോധാനവുമായി ബന്ധമുണ്ടെന്നും അന്വേഷണത്തിന്റെ ഗതിമാറ്റാൻ വ്യാജപ്രചാരണവുമായി രംഗത്തുവന്നത് ഇവരാണെന്നും കുടുംബം ആരോപണമുയർത്തിയിരുന്നു.
ഹൈദരബാദിൽ നിന്നുള്ള ഗുണ്ടകളാണ് മുഹമ്മദിനെ തട്ടിക്കൊണ്ടുപോയതെന്നുള്ള പ്രചാരണവും അടുപ്പക്കാരായ ചിലർ പ്രചരിപ്പിച്ചിരുന്നു. ബഹുജന റാലിക്ക് ബ്ലോക്ക് പഞ്ചായത്തംഗം സി.കെ. രാജീവൻ, വാർഡ് അംഗം യു.കെ. വിജയൻ, ഷെരീഫ് അഷിയാന, ഹസ്സൻ കൂനഞ്ചേരി, മനാഫ് പനായി, മൊഹ്സിൻ കീഴമ്പത്ത്, എം.കെ. വിനോദ്, കൈലാസ് നാഥ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.