ബാലുശ്ശേരി: മഞ്ഞപ്പുഴ പുനരുജ്ജീവനത്തിന്റെ ഭാഗമായി കോട്ടനട ആറാളക്കൽ താഴെ നിർമിക്കുന്ന തടയണക്ക് ഷട്ടർ സ്ഥാപിച്ചില്ല, നിർമാണം പൂർത്തിയാകാത്ത നിലയിൽതന്നെ. മഞ്ഞപ്പുഴയുടെ പ്രധാന കൈവഴിയായ കോട്ടനട പുഴയുടെ വശങ്ങളിൽ ഭിത്തി നിർമിക്കാനും കോട്ടനട പാലത്തിനു താഴെ നടപ്പാതയും ആറാളക്കൽത്താഴെ തടയണയും നിർമിക്കുന്നതിനായി രണ്ടുകോടി രൂപയാണ് സർക്കാർ അനുവദിച്ചത്. നിർമാണം തുടങ്ങി ഒരു വർഷത്തോളമായിട്ടും നടപ്പാതയുടെയും തടയണയുടെയും നിർമാണം പൂർത്തിയായിട്ടില്ല. പനങ്ങാട് പഞ്ചായത്തിലെ നെല്ലറയായ കോട്ടനട വയലിലെ നെൽകൃഷിയും പച്ചക്കറി കൃഷിയും കോട്ടനടപുഴയിലെ വെള്ളത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. തടയണ യാഥാർഥ്യമായാൽ പുഴയിലെ വെള്ളം കൃഷിക്ക് ഉപയോഗപ്പെടുത്താൻ കഴിയും. തടയണക്ക് ഷട്ടറില്ലാത്തതിനാൽ കെട്ടിക്കിടക്കുന്ന വെള്ളവും ഒഴുകിപ്പോകുന്ന അവസ്ഥയിലാണ്. പുഴയിലെ വെള്ളം പ്രതീക്ഷിച്ച് രണ്ട് ഏക്കറോളം സ്ഥലത്ത് കർഷക കൂട്ടായ്മകൾ പച്ചക്കറി കൃഷി നടത്തുന്നുണ്ട്. പുഴയിലെ വെള്ളം വറ്റിയാൽ ഇത് പച്ചക്കറി കൃഷിയെയും ബാധിക്കും. തടയണ നിർമാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കിയാൽ വേനൽമഴയിലെ വെള്ളമെങ്കിലും കെട്ടിനിർത്തി കൃഷിക്ക് ഉപയോഗപ്പെടുത്താൻ കഴിയുമെന്നാണ് കർഷകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.