ബാലുശ്ശേരി: ജനവാസമേഖലയിൽ പൂട്ടിയ കരിങ്കൽ ക്വാറി വീണ്ടും തുറന്നുപ്രവർത്തിച്ചത് പരാതി പിൻവലിച്ചതിനെ തുടർന്നാണെന്ന രഹസ്യം പുറത്ത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് 2011ൽ പൂട്ടിയ കിനാലൂർ മലയിലകത്തൂട്ട് കരിങ്കൽ ക്വാറി കഴിഞ്ഞവർഷം വീണ്ടും പ്രവർത്തനം തുടങ്ങിയത് സി.പി.എം നേതാവായ ക്വാറി വിരുദ്ധസമിതി കൺവീനർ കെ.പി. കോരുക്കുട്ടി പരാതി പിൻവലിച്ചതിനെ തുടർന്നാണെന്ന വിവരമാണ് പുറത്തായത്.
വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ക്വാറിക്കെതിരായ പരാതി പിൻവലിച്ച് കൺവീനർ ഒപ്പിട്ട് നൽകിയ രേഖയുടെ വിവരം ലഭിച്ചത്. സമരസമിതി പോലും അറിയാതെയാണ് കൺവീനർ പരാതി പിൻവലിച്ചതെന്ന് മറ്റുള്ള സമരസമിതി പ്രവർത്തകർ പറയുന്നു. പരാതി പിൻവലിച്ചതോടെയാണ് മലയിലകത്തൂട്ട് കരിങ്കൽ ക്വാറിക്ക് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് വീണ്ടും പ്രവർത്തിക്കാനുള്ള അനുവാദം നൽകിയത്.
2020 മുതൽ പത്ത് വർഷത്തേക്കാണ് അനുമതി ലഭിച്ചത്. സി.പി.എം നേതൃത്വത്തിലുള്ള പനങ്ങാട് പഞ്ചായത്ത് ഭരണസമിതി ക്വാറിക്കെതിരെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും പ്രവർത്തനം തടയാൻ കഴിഞ്ഞിരുന്നില്ല. കക്കോടി മോരിക്കര സ്വദേശിയുടെ പേരിലാണ് നേരത്തേ ക്വാറി ലൈസൻസ് എടുത്തിരുന്നത്.
2019 ഡിസംബർ ഏഴുമുതൽ 2023 മാർച്ച് 31വരെയുള്ള പ്രവർത്തനത്തിനായി ഗ്രാമപഞ്ചായത്തും ലൈസൻസ് നൽകിയിട്ടുണ്ട്. പ്രദേശവാസികളുടെ പ്രതിഷേധം വകവെക്കാതെയാണ് ഇപ്പോൾ വീണ്ടും ക്വാറി പ്രവർത്തനം സജീവമായിട്ടുള്ളത്.
ക്വാറിക്കെതിരെ ഒരുവിഭാഗം പ്രതിഷേധവുമായി ഇപ്പോഴും രംഗത്തുണ്ട്. കഴിഞ്ഞ വർഷം ക്വാറി പ്രവർത്തനം സംബന്ധിച്ച വാർത്ത ശേഖരിക്കാനെത്തിയ ചാനൽ പ്രവർത്തകർക്കുനേരെ ക്വാറി മാഫിയസംഘം ആക്രമണം അഴിച്ചു വിട്ടിരുന്നു. ചാനൽ പ്രവർത്തകന്റെ കാമറ തകർക്കുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
പനങ്ങാട് പഞ്ചായത്തിലെ തന്നെ വിനോദസഞ്ചാര കേന്ദ്രമായ വയലട ക്വാറിക്കെതിരെയും സി.പി.എം നേതൃത്വത്തിൽ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തുണ്ടെങ്കിലും ക്വാറി പ്രവർത്തനം നിർബാധം തുടരുകയാണ്. ക്വാറി പ്രവർത്തനംമൂലം ഇവിടത്തെ ജലസ്രോതസ്സുകളടക്കം മലിനമായിട്ടും പഞ്ചായത്തധികൃതർ നിസ്സംഗത പാലിക്കുന്ന അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.