ബാലുശ്ശേരി: വീട്ടിലെത്തിയിട്ടും യുദ്ധഭൂമിയിലെ സ്ഫോടനശബ്ദം റഫ്നയെ പേടിപ്പെടുത്തുന്നു. യുക്രെയ്ൻ ഖാർകിവിലെ നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ് ബാലുശ്ശേരി എരമംഗലം പറമ്പിൽ ഹമീദിന്റെ മകൾ റഫ്ന.ശനിയാഴ്ചയാണ് റഫ്ന നാട്ടിലെത്തിയത്.
യുദ്ധഭൂമിയായി മാറിയ ഖാർകിവിൽനിന്ന് അതിർത്തി രാജ്യമായ ഹംഗറിയിലെത്തിപ്പെടുന്നതുവരെയുള്ള ദുരിതാനുഭവങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തതാണ്. കൂട്ടുകാരായ കൂട്ടാലിട അവിടനല്ലൂർ സ്വദേശി ആതിരയും കൊച്ചി സ്വദേശി അമലയും മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ഖാർകിവിൽ യുദ്ധം തുടങ്ങിയതിന് തൊട്ടടുത്ത ദിവസംതന്നെ അപകട സൈറൺ മുഴക്കി ഭൂഗർഭ ബങ്കറിലേക്ക് മാറാനുള്ള നിർദേശം കിട്ടിയിരുന്നു. ബങ്കറിൽ അഞ്ചു ദിവസം കഴിച്ചുകൂട്ടി.
ഖാർകിവിൽനിന്ന് യുക്രെയ്നിന്റെ പടിഞ്ഞാറൻ അതിർത്തി വഴി ഹംഗറിയിലെത്തുക എന്നത് ജീവന്മരണ യാത്രയാണെന്ന് തുടക്കത്തിൽ അറിയില്ലായിരുന്നു. ഖാർകിവിലെ റെയിൽവേ സ്റ്റേഷനിൽ എത്തണമെങ്കിൽ ടാക്സി വിളിക്കണം. അതിനുള്ള പണം പോലും ഞങ്ങളുടെ കൈവശം ഉണ്ടായിരുന്നില്ല. ഈ സമയത്ത് ദൈവദൂതനെപ്പോലെയാണ് അവിടത്തെ നാട്ടുകാരിലൊരാൾ തന്ന 800 രൂപകൊണ്ട് ടാക്സി വിളിച്ചാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഇവിടെവെച്ചാണ് സഹപാഠിയായ നവീൻ ഷെല്ലാക്രമണത്തിൽ മരിച്ച വിവരം അറിയുന്നത്. അതോടെ ഭയം കൂടി.
17 മണിക്കൂർ യാത്രചെയ്താലേ ഹംഗറിയുടെ അതിർത്തിയിലെത്തുകയുള്ളൂ. യുക്രെയ്നിന്റെ പടിഞ്ഞാറൻ അതിർത്തിയായ ലീവിൽ എത്തുമ്പോൾ അർധരാത്രിയായിരുന്നു. ഉസ് ഹരോതിലേക്കായിരുന്നു അടുത്ത യാത്ര. തുടർന്ന് ഹംഗറിയുടെ അതിർത്തിയായ സോഹാനിയിലേക്ക്. ഹംഗറിയിൽ എത്തിയതോടെ സന്നദ്ധ പ്രവർത്തകരുടെ സഹായങ്ങൾ വേണ്ടുവോളം ഉണ്ടായിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ വിമാനം കണ്ടതോടെ ആശ്വാസവും ആത്മവിശ്വാസവും തിരിച്ചുകിട്ടി. ഡൽഹിയിൽ കേരള ഹൗസിൽ എത്തിയപ്പോൾ സംസ്ഥാന വനംമന്ത്രി എ.കെ. ശശീന്ദ്രനും സ്വീകരിക്കാനുണ്ടായിരുന്നു. തുടർപഠനത്തിന് എന്തെങ്കിലും സാധ്യത തെളിയുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് റഫ്ന. ബാപ്പ ഹമീദും ഉമ്മ സുഹറയും അടുത്ത ദിവസംതന്നെ ദുബൈയിൽ നിന്നെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.