ബാലുശ്ശേരി: എയിംസിനുവേണ്ടി കിനാലൂരിൽ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി നടത്തിയ സാമൂഹികാഘാത പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. കിനാലൂർ, കാന്തലാട് വില്ലേജുകളിൽ നിന്നായി 40.68 ഹെക്ടർ സ്വകാര്യ ഭൂമിയാണ് ഏറ്റെടുക്കാനായി കണ്ടെത്തിയിട്ടുള്ളത്.
കാറ്റാടി, ഏഴുകണ്ടി, കൊയലാട്ടുമുക്ക്, കുറുമ്പൊയിൽ, ചാത്തൻവീട്, പയറ്റുകാല എന്നീ പ്രദേശങ്ങളിലെ 34 സർവേ നമ്പറുകളിലായാണ് സ്ഥലം വ്യാപിച്ചുകിടക്കുന്നത്. 175ഓളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. 80 വീടുകൾ പൂർണമായും നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഏഴു കെട്ടിടങ്ങൾ, 96 കിണറുകൾ, മൂന്നു കുളങ്ങൾ, കാറ്റാടിപ്പുഴ, മദ്റസ ഹാൾ, ഗുളികൻ തറ, മൂന്ന് പൈപ്പ് ലൈൻ എന്നിവ ഈ ഭൂമിയിലുണ്ട്. മതിയായ നഷ്ടപരിഹാരവും പുനരധിവാസവും സാധ്യമാക്കിയാലേ ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രകൃതിരമണീയമായ ഭൂമിയിലെ ആവാസ വ്യവസ്ഥയെ സംരക്ഷിച്ചുകൊണ്ടുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തണമെന്നും പുഴയെ മലിനമാക്കാതെ സംരക്ഷിക്കണമെന്നും ഇരിട്ടി ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജ് നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു.
സാമൂഹികാഘാത പഠന റിപ്പോർട്ടിനെ അടിസ്ഥാനമാക്കി 29ന് പൊതുചർച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. കിനാലൂരിൽ എയിംസ് സ്ഥാപിക്കാനായി 200 ഏക്കർ ഭൂമിയാണ് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തിട്ടുള്ളത്.
ഭാവിയിലെ വികസനവുംകൂടി ലക്ഷ്യമിട്ട് 250 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. വ്യവസായ വകുപ്പിനു കീഴിലുള്ള 153 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്ത് ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്. കൈമാറിയ ഭൂമിയിൽ സർവേക്കല്ല് സ്ഥാപിക്കുന്നതിനായി അഞ്ചുലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.