ബാലുശ്ശേരി: ഒട്ടേറെ പ്രമുഖ നേതാക്കളുടെ സാമീപ്യത്തിനും ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്കും സാക്ഷ്യംവഹിച്ച ബാലുശ്ശേരിയിലെ ബി.ടി.ആർ മന്ദിരം പൊളിക്കുന്നു. കാൽനൂറ്റാണ്ട് സി.പി.എം ബാലുശ്ശേരി ഏരിയ കമ്മിറ്റി ഓഫിസായി പ്രവർത്തിച്ച ബി.ടി.ആർ മന്ദിരം ടൗൺ വികസന സൗകര്യത്തിനായാണ് പൊളിക്കുന്നത്. ഈന്തോല മഠത്തിൽ മാധവൻ നായരുടെ കുടുംബം സംഭാവനയായി നൽകിയ 2.9 സെൻറ് സ്ഥലത്ത് 1994ലാണ് ഇരുനില കെട്ടിടം പണിതത്. ഇതേ വർഷം ജനുവരി ഒമ്പതിന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ.കെ. നായനാരാണ് കെട്ടിട ഉദ്ഘാടനം നിർവഹിച്ചത്.
പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, വൃന്ദാകാരാട്ട് തുടങ്ങിയ ദേശീയ നേതാക്കളും വി.എസ്. അച്യുതാനന്ദൻ, കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ തുടങ്ങിയ സംസ്ഥാന സെക്രട്ടറിമാരും ബി.ടി.ആർ മന്ദിരത്തിലെത്തിയിട്ടുണ്ട്. ഒട്ടേറെ ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്കും ഇവിടത്തെ മുറികൾ സാക്ഷ്യംവഹിച്ചിട്ടുണ്ട്.
15 വർഷം മുമ്പ് ബാലുശ്ശേരിയിൽ നടന്ന ബി.ജെ.പി, ആർ.എസ്.എസ്- സി.പി.എം സംഘർഷത്തെ തുടർന്ന് ആർ.എസ്.എസ് പ്രവർത്തകർ ബി.ടി.ആർ മന്ദിരത്തിനുനേരെ നടത്തിയ ആക്രമണത്തിൽ ഓഫിസ് വാതിലുകളും ജനൽ ചില്ലുകളും തകർന്നിരുന്നു. ദിവസങ്ങളോളം നീണ്ടുനിന്ന സംഘർഷാവസ്ഥയിൽ പാർട്ടി ഓഫിസ് സംരക്ഷണത്തിനായി നൂറുകണക്കിന് പ്രവർത്തകരായിരുന്നു രാപ്പകൽ ഭേദമന്യ കെട്ടിടത്തിന് മുന്നിൽ കാവലിരുന്നത്. കഴിഞ്ഞ വർഷം വരെ പുരുഷൻ കടലുണ്ടി എം.എൽ.എയുടെ ഓഫിസും ഈ കെട്ടിടത്തിലായിരുന്നു. വൈകുണ്ഠത്തിനടുത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടത്തിലേക്ക് സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.