ബാലുശ്ശേരി: അടുപ്പിൽനിന്ന് തീപടർന്ന് വീട് കത്തിനശിച്ചു. ബാലുശ്ശേരി പുത്തൂർവട്ടം പെട്രോൾ പമ്പിനു സമീപം ഓട്ടോ ഡ്രൈവർ മീത്തലെ പെരുന്തോട്ട് രവീന്ദ്രന്റെ ടാർപോളിൻ ഷീറ്റ് വിരിച്ച താൽക്കാലിക വീടാണ് പൂർണമായും കത്തിനശിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. രവീന്ദ്രന്റെ രണ്ടു മക്കൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ചാറ്റൽ മഴ ഉണ്ടായിരുന്നെങ്കിലും തീപടർന്നുപിടിച്ചതോടെ ഉണങ്ങിയ മുളയും ടാർപോളിനും ആളിക്കത്തുകയായിരുന്നു. തീകത്തുന്നത് കണ്ട് റോഡിലുള്ളവരാണ് വിവരമറിയിച്ചത്. തൊട്ടടുത്തുതന്നെയാണ് പെട്രോൾ പമ്പും പ്രവർത്തിക്കുന്നത്. ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.
വീടിലുണ്ടായിരുന്ന ഫർണിച്ചറും വസ്ത്രങ്ങളും പാത്രങ്ങളും ഭക്ഷണ വസ്തുക്കളും കുട്ടികളുടെ പുസ്തകങ്ങളും കത്തിനശിച്ചു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. പുതിയ വീടിന്റെ പണി നടക്കുന്നതിനാൽ സമീപത്തുതന്നെ താൽക്കാലിക ഷെഡ് നിർമിക്കുകയായിരുന്നു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, വാർഡ് അംഗം അസ്സയിനാർ എമ്മച്ചം കണ്ടി എന്നിവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.