ബാലുശ്ശേരി: കനത്ത ചൂടിൽ കുറ്റ്യാടി ജലവൈദ്യുതി പദ്ധതിയുടെ ജലസംഭരണ കേന്ദ്രമായ കക്കയം ഡാമിലെ ജലനിരപ്പ് കുറയുന്നു. 757.50 മീറ്റർ സംഭരണ ശേഷിയുള്ള ഡാമിൽ 749.17 മീറ്റർ ജലമാണ് ഇപ്പോഴുള്ളത്.
കടുത്ത വേനലും ഡാം വൃഷ്ടിപ്രദേശത്ത് എല്ലാ വർഷവും ലഭിച്ചിരുന്ന അളവിൽ ഇത്തവണ മഴ ലഭിക്കാത്തതും ജലനിരപ്പ് കുറയാൻ കാരണമായിട്ടുണ്ട്. ജലനിരപ്പ് കുറഞ്ഞത് വൈദ്യുതി ഉൽപാദനത്തെ ബാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം 1.649 മില്യൺ യൂനിറ്റ് വൈദ്യുതിയാണ് ഇവിടെ ഉൽപാദിപ്പിച്ചത്. 25 മെഗാവാട്ടിന്റെ ഒരു മെഷീന്റെ നവീകരണ പ്രവൃത്തി നടന്നുവരുകയാണ്. സംഭരണശേഷിയുടെ 41.61 ശതമാനമായ 14.14 മില്യൺ ക്യുബിക് മീറ്റർ ജലം ഇപ്പോൾ ഡാമിലുണ്ട്.
209 മില്യൺ ക്യുബിക് മീറ്റർ സംഭരണശേഷിയുള്ള വയനാട്ടിലെ ബാണാസുരസാഗർ ഡാമിൽ 42.0135 മില്യൺ ക്യുബിക് മീറ്റർ വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 43.75 മില്യൺ ക്യുബിക് മീറ്റർ വെള്ളം ഉണ്ടായിരുന്നു.
ബാണാസുര ഡാമിൽ ജലം കുറഞ്ഞതോടെ കക്കയം ഡാമിലേക്ക് ടണൽ മാർഗം ദിവസേന ഒഴുക്കുന്ന ജലത്തിന്റെ അളവ് .8 മില്യൺ ക്യുബിക് മീറ്ററായി കുറച്ചിട്ടുണ്ട്. ടണൽ വെള്ളത്തിന്റെ ഒഴുക്കു കുറഞ്ഞത് കക്കയം ഡാമിൽ ജലത്തിന്റെ അളവ് കുറയാൻ കാരണമായി. ഡാമിൽ ജലനിരപ്പ് താഴ്ന്നതോടെ കെ.എസ്.ഇ.ബി നേതൃത്വത്തിലുള്ള ഹൈഡൽ ടൂറിസത്തിന്റെ കീഴിലുള്ള ബോട്ട് സർവിസും നിർത്തലാക്കിയിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.