ബാലുശ്ശേരി: മലബാർ വന്യജീവി സങ്കേതത്തിൽ കടുവയുടെ സാന്നിധ്യമുണ്ടെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിച്ച് വനം വകുപ്പ്. മലബാർ വന്യജീവി സങ്കേതത്തിൽപെട്ട കക്കയം വനത്തിൽ ഡാം സെറ്റ് റോഡിലാണ് വനം വകുപ്പ് കടുവയുടെ ചിത്രത്തോടുകൂടിയ പുതിയ ബോർഡ് സ്ഥാപിച്ചത്. 'വന്യമൃഗങ്ങൾ കടന്നുപോകാനിടയുള്ള മേഖല, പതുക്കെ പോവുക എന്ന മുന്നറിയിപ്പ് ബോർഡിലാണ് കടുവയുടെ ചിത്രം വെച്ചിട്ടുള്ളത്.
കക്കയം വനമേഖലയിൽ കടുവയുടെ സാന്നിധ്യം വനം വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് കണ്ടിട്ടില്ലെങ്കിലും കടുവ കക്കയം വനത്തിലുണ്ടെന്നാണ് കരുതുന്നത്.
ആന, കാട്ടുപോത്ത്, മാൻ, മ്ലാവ് തുടങ്ങി മറ്റ് വന്യമൃഗങ്ങളെല്ലാം തന്നെ ഇവിടെ യഥേഷ്ടമുണ്ട്. കഴിഞ്ഞ ജനുവരിയിൽ ഡാം സെറ്റിനടുത്ത വാൾവ് ഹൗസിനടുത്ത് ജീവനക്കാർ, കടുവയെ നേരിട്ടുകണ്ടതായി അറിയിച്ചിരുന്നെങ്കിലും വനത്തിൽ തന്നെയായിരുന്നതിനാൽ ഏറെ ഒച്ചപ്പാടും ബഹളവുമുണ്ടായില്ല. കഴിഞ്ഞ 18ന് കക്കയം വനമേഖലയുടെ അതിർത്തി പ്രദേശമായ തലയാട് ചേമ്പുകര പുല്ലുമലയിൽ പ്രദേശവാസിയായ ജോസിൽ പി. ജോൺ റബർ തോട്ടത്തിൽ, കടുവയെ നേരിട്ടുകണ്ടതായി അറിയിച്ചതോടെയാണ് നാട്ടുകാർ ആശങ്കയിലായത്.
ഇവിടെ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കടുവയുടേതെന്ന് സംശയിക്കുന്ന കാൽപാടുകളും കണ്ടെത്തുകയുണ്ടായി. വനം വകുപ്പ് കാമറ സ്ഥാപിച്ചെങ്കിലും അടുത്ത ദിവസം തന്നെ എടുത്തുമാറ്റുകയും ചെയ്തു. കാമറയിൽ കാട്ടുപന്നി മാത്രമാണ് പതിഞ്ഞിട്ടുള്ളത്. 22ന് തലയാട് പടിക്കൽവയൽ തുവ്വക്കടവ് പാലത്തിനടുത്ത് സഹദും രാത്രി കടുവയെ കണ്ടതായി അറിയിച്ചു. പിറ്റേന്നുതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചെങ്കിലും കല്പാടുകൾ ഏത് മൃഗത്തിന്റേതാണെന്ന് കണ്ടെത്താനായില്ല.
കടുവയുടെ സാന്നിധ്യമുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണിപ്പോൾ നാട്ടുകാർ. കക്കയം വനമേഖലയോടുചേർന്ന ചെമ്പുക്കര, തലയാട്, പേര്യമല, ചീടിക്കുഴി ഭാഗങ്ങളിൽ കടുവയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ ഭയപ്പെടുന്നുണ്ടെങ്കിലും വനം വകുപ്പിന് ഇതുവരെ ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. വന മേഖലയോട് ചേർന്നുകിടക്കുന്ന ഈ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾ ആടുമാടുകളെയും കോഴി, താറാവ് എന്നിവയെയും വളർത്തിയാണ് ഉപജീവിനമാർഗം കണ്ടെത്തുന്നത്. കടുവയുടെ സാന്നിധ്യമുണ്ടെന്ന് അറിഞ്ഞതോടെ കന്നുകാലികളെ മേയ്ക്കാനോ മറ്റു വളർത്തു മൃഗങ്ങളെ അഴിച്ചുവീടാനോ വീട്ടുകാർ പേടിക്കുകയാണ്.
ശാസ്ത്രീയ പരിശോധന നടത്തി പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനങ്ങളുടെ ആശങ്കയകറ്റി പ്രദേശവാസികൾക്ക് സ്വസ്ഥജീവിതം നയിക്കാനുള്ള സൗകര്യം ഉറപ്പുവരുത്താൻ വനം വകുപ്പിന്റെ ഭാഗത്ത് എത്രയും വേഗം നടപടി ഉണ്ടാകണമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം നിധീഷ് കല്ലുള്ളതിൽ, വാർഡ് അംഗം ദെയ്ജ അമീൻ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം അജീദ്രൻ കല്ലാച്ചിക്കണ്ടി എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.