ബാലുശ്ശേരി: ‘കിനാലൂരിലെ എയിംസ് സ്വപ്നം വിട്ടേക്കാൻ’ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് കോഴിക്കോട് ജില്ലയിലെ പനങ്ങാട്ടെ കിനാലൂരിലെ എയിംസ് സാധ്യത വിട്ടേക്കാൻ സുരേഷ് ഗോപി പറഞ്ഞത്. കിനാലൂരിൽ എയിംസിനായി വ്യവസായ വകുപ്പിന്റെ 151 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്ത് ആരോഗ്യ വകുപ്പിന് കൈമാറിയിട്ട് വർഷങ്ങളായി.
മാത്രമല്ല, എയിംസിന്റെ ഭാവി വികസനവുംകൂടി കണക്കിലെടുത്ത് 40.68 ഹെക്ടർ സ്വകാര്യ ഭൂമികൂടി ഏറ്റെടുക്കാനുള്ള നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്. കേരളത്തിൽ എയിംസ് സ്ഥാപിക്കുകയാണെങ്കിൽ അത് കോഴിക്കോട് ജില്ലയിലെ കിനാലൂരിലായിരിക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥ സംഘവും കിനാലൂർ സന്ദർശിച്ച് അനുയോജ്യമാണെന്ന് നേരത്തെതന്നെ പ്രസ്താവിച്ചതാണ്. ഇതിനു ശേഷമായിരുന്നു ഭൂമി ഏറ്റെടുക്കൽ നടപടികളും പൂർത്തിയാക്കിയത്. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ മൂന്നു മുന്നണികളുടെയും പ്രധാന വാഗ്ദാനങ്ങളിലൊന്ന് എയിംസ് കിനാലൂരിൽ സ്ഥാപിക്കാനുള്ള നടപടി എടുക്കുമെന്നായിരുന്നു.
എം.കെ. രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലെല്ലാം ഊന്നിപ്പറഞ്ഞതും എയിംസ് തന്നെയായിരുന്നു. കോഴിക്കോട് എയിംസ് വിഷയം 33 തവണ പാർലമെന്റിൽ ഉന്നയിക്കുകയും ഇതിനായി എയിംസ് ആക്ട് 1956ന് ഭേദഗതി നിർദേശിച്ച് പാർലമെന്റിൽ സ്വകാര്യ ബിൽ കൊണ്ടുവരുകയും ചെയ്ത ഏക എം.പിയും രാഘവനായിരുന്നു.
എയിംസ് പ്രഖ്യാപനം ഉണ്ടായാലും ഇല്ലെങ്കിലും കോഴിക്കോട്ടെ കിനാലൂരിൽ തുടർനടപടികളുമായി മുന്നോട്ടുപോകുമെന്നായിരുന്നു സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ് നിയമസഭയിൽ പറഞ്ഞതും.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന കോഴിക്കോട് കിനാലൂരിലെ എയിംസ് സാധ്യതക്ക് മങ്ങലേൽപിക്കുന്നതാണ്. കാസർകോട്ടെ എൻഡോസൾഫാൻ ദുരിതമനുഭവിക്കുന്നവർക്ക് സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കാൻ എയിംസിന്റെ വരവോടെ സാധ്യമാകുകയാണെങ്കിൽ കാസർകോട് സ്ഥാപിക്കുകയാണ് നല്ലതെന്നും അതിനുള്ള സ്ഥലം നൽകാൻ പിണറായി സർക്കാർ തയാറാകണമെന്നുമാണ് സുരേഷ് ഗോപി മനസ്സുതുറക്കാതെ പറഞ്ഞിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.