ബാലുശ്ശേരി: കക്കയത്ത് കാട്ടാന വിളയാട്ടം, ഗവ. എൽ.പി സ്കൂൾ കോമ്പൗണ്ടിനുള്ളിൽ വിദ്യാർഥികൾ നട്ടുപിടിപ്പിച്ച പച്ചക്കറികൃഷിയും വാഴകളും നശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് കക്കയം കെ.എസ്.ഇ.ബി ഗെസ്റ്റ് ഹൗസിനു സമീപത്ത് സ്കൂൾ കോമ്പൗണ്ടിനുള്ളിൽ കയറി ഒറ്റയാൻ നാശം വിതച്ചത്.
സ്കൂൾ ഇരുമ്പ് ഗേറ്റ് തള്ളിത്തുറന്നാണ് കോമ്പൗണ്ടിനുള്ളിൽ ആനയെത്തിയത്. സ്കൂളിന്റെ ചുറ്റുമതിലിനും കേടുവരുത്തിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ കൂരാച്ചുണ്ട് പഞ്ചായത്ത് നാലാം വാർഡിന്റെ 262ാം ബൂത്തായി പ്രവർത്തിക്കേണ്ട കേന്ദ്രം കൂടിയാണ് കക്കയം ഗവ. എൽ.പി സ്കൂൾ. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തേണ്ട ഉദ്യോഗസ്ഥരും ഈ സ്കൂളിലാണ് താമസിക്കേണ്ടത്.
കക്കയത്തും പരിസരപ്രദേശത്തും കാട്ടാനശല്യം വർധിച്ചിരിക്കയാണ്. കർഷകരുടെ തെങ്ങ്, വാഴ, പച്ചക്കറികൃഷി തുടങ്ങിയവയെല്ലാം നശിപ്പിക്കുന്നത് പതിവാണ്. കക്കയം ഡാം സൈറ്റ് റോഡിലാകട്ടെ കാട്ടുപോത്തിന്റെ ശല്യമാണ് വർധിച്ചുവരുന്നത്. കഴിഞ്ഞ മാസമാണ് കർഷകനായ കക്കയം പാലാട്ടിയിൽ അബ്രഹാം സ്വന്തം കൃഷിയിടത്തിൽ വെച്ച് കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചത്.
സ്കൂളിനു സമീപത്തായി വനം വകുപ്പ് സ്ഥാപിച്ച പവർ ഫെൻസിങ് തകർന്നുകിടക്കുകയാണ്. അത് അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല. പാലാട്ടിയിൽ ഏബ്രഹാം കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ച സംഭവത്തെ തുടർന്ന് കലക്ടർ നൽകിയ ഉറപ്പ് ഉടൻ നടപ്പാക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് കക്കയം യൂനിറ്റ് യോഗം ആവശ്യപ്പെട്ടു.
അക്രമകാരിയായ കാട്ടുപോത്തിനെ വെടിവെക്കുമെന്നും സൗരവേലി നിർമിക്കുമെന്നും നൽകിയ ഉറപ്പ് ഇതുവരെ പാലിച്ചിട്ടില്ല. കാട്ടുപോത്ത്, കാട്ടാന ഭീതിയിലാണ് ജനം.
കാട്ടുപോത്ത്, കാട്ടാനഭീഷണി കാരണം കെ.എസ്.ഇ.ബി ഹൈഡൽ ടൂറിസം, ഇക്കോ ടൂറിസം സെന്ററുകൾ തുറക്കാത്തതിനാൽ ഗൈഡുമാരുടെ കുടുംബങ്ങളും പ്രതിസന്ധിയിലാണ്. യോഗം വിൻസെന്റ് കുറുകമാലിൽ ഉദ്ഘാടനം ചെയ്തു. ജോൺസൺ കക്കയം അധ്യക്ഷത വഹിച്ചു. രാജി പള്ളത്താട്ടിൽ, തോമസ് വെളിയംകുളം, സജി കുഴിവേലി, ഡാർലി പുല്ലൻകുന്നേൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.