പയ്യോളി: അറവുശാലയിൽനിന്ന് വിരണ്ടോടി പരിഭ്രാന്തി പരത്തിയ എരുമയെ നാലു ദിവസത്തിനുശേഷം, രണ്ടര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ പിടികൂടി. ദേശീയപാതയിൽ അയനിക്കാട് പോസ്റ്റ് ഓഫിസിനും കളരിപ്പടിക്കുമിടയിലെ ആളൊഴിഞ്ഞ പറമ്പിലെ കാടുകൾക്കിടയിലാണ് എരുമ അഭയംപ്രാപിച്ചിരുന്നത്. മൂരാട് ഭാഗത്തുള്ള ഇറച്ചിക്കടയിൽനിന്ന് കഴിഞ്ഞ തിരുവോണനാളിലാണ് എരുമ വിരണ്ടോടിയത്. നാലു ദിവസമായുള്ള അന്വേഷണത്തിനൊടുവിലാണ് എരുമയെ അയനിക്കാട് കണ്ടതായി ഉടമക്ക് വിവരം ലഭിച്ചത്. തുടർന്ന് ഞായറാഴ്ച ഒരു പോത്തിനെ കൊണ്ടുവന്ന് എരുമയെ തളക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മാത്രമല്ല, കൊണ്ടുവന്ന പോത്തിനെ പിന്നീട് കാണാതെയുമായി.
പയ്യോളി പൊലീസും നഗരസഭ ആരോഗ്യവിഭാഗവും അഗ്നിരക്ഷാസേനയുടെ 'ക്വിക്ക് റെസ്പോൺസ്' വാഹനവും സ്ഥലത്തെത്തിയെങ്കിലും എരുമയെ ആദ്യം പിടിക്കാൻ കഴിഞ്ഞില്ല. പിന്നീട് ഉടമ വീണ്ടും മറ്റൊരു പോത്തിനെ വാഹനത്തിൽ കയറ്റി കൊണ്ടുവന്ന് കാടിനുള്ളിലേക്ക് വിട്ടതോടെയാണ് എരുമയെ പിടികൂടാനായത്. ഉച്ചക്ക് ഒന്നരയോടെ ഉടമയും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് കയറിൽ കുരുക്കി അതിസാഹസികമായി എരുമയെ കീഴ്പ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.