കോഴിക്കോട്: ക്രിസ്മസ് ആഘോഷരാവുകൾക്ക് മിഴിവേകി നഗരത്തിൽ നക്ഷത്രത്തിളക്കം. പല വർണങ്ങളിലുള്ള നക്ഷത്രങ്ങൾക്കു പുറമേ വെള്ളിത്തിരയിലെ സൂപ്പർ സ്റ്റാറുകളും ലോകകപ്പ് സ്റ്റാറുകളുമാണ് ഇക്കുറി വിപണിയിലെ താരങ്ങൾ. മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, അവതാർ, മിന്നൽ മുരളി തുടങ്ങി വിവിധ നക്ഷത്രങ്ങൾ തേടി ആളുകൾ കടകളിലെത്തുന്നുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും എൽ.ഇ.ഡി പ്രഭതൂവുന്ന നക്ഷത്രങ്ങൾക്കുതന്നെയാണ് കൂടുതൽ ആവശ്യക്കാർ. മൂന്നു രൂപയുടെ കുഞ്ഞുനക്ഷത്രങ്ങൾ മുതൽ 1500 രൂപയുടെ എൽ.ഇ.ഡി വെളിച്ചമുള്ളവ വരെ വിപണിയിലുണ്ട്. മുൻവർഷങ്ങളിലെ താരങ്ങളായ പ്ലാസ്റ്റിക് നക്ഷത്രങ്ങളും ലഭിക്കും.
അലങ്കാരങ്ങളും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും കേക്കുകളുമായി കച്ചവടക്കാർ നിറഞ്ഞതോടെ കച്ചവടം പൊടിപൊടിക്കുകയാണ്. മിഠായിത്തെരുവ്, നടക്കാവ് എന്നിവിടങ്ങളിൽ വിപണി ആരംഭിച്ചത് മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കുഞ്ഞുപാപ്പകൾ മുതൽ വിവിധ മോഡലുകളിലുള്ള ക്രിസ്മസ് അപ്പൂപ്പന്മാരും വിപണിയിൽ സുലഭമാണ്.
റബറിലും പ്ലാസ്റ്റിക്കിലുമുള്ള മുഖംമൂടികൾ, പാപ്പയുടെ ബലൂണുകൾ, ക്രിസ്മസ് ട്രീയിൽ തൂക്കിയിടാവുന്ന അപ്പൂപ്പന്മാർ എന്നിവയുമുണ്ട്. വെൽവറ്റ് നക്ഷത്രങ്ങളാണ് മറ്റൊരു പ്രത്യേകത. ക്രിസ്മസ് ട്രീകൾ അലങ്കരിക്കാനുള്ള മണികൾ, മാലകൾ, പന്തുകൾ, നക്ഷത്രങ്ങൾ എന്നിവയുടെ മാലക്കും വിപണിയിൽ ആവശ്യക്കാർ ഏറെയുണ്ട്.
വിവിധ എൽ.ഇ.ഡി ബൾബുകൾ 100 മുതൽ 500 വരെ വിലയിൽ ലഭിക്കും. ഒരടി മുതൽ എട്ടടി വരെ ഉയരത്തിൽ ക്രിസ്മസ് മരങ്ങളും അലങ്കാരങ്ങളും കച്ചവടത്തിനുണ്ട്. 400 മുതൽ 4000 വരെയാണ് വില.
കുട്ടികളെ ആകർഷിക്കുന്ന ഉൽപന്നങ്ങളാണ് ക്രിസ്മസ് വിപണിയിലെ മറ്റൊരു സവിശേഷത. ക്രിസ്മസ് അപ്പൂപ്പന്റെ തൊപ്പികൾ 10 രൂപ മുതലും മുഖംമൂടികൾ 15 മുതലും ലഭിക്കും. കരോൾ വേഷത്തിന് 350 മുതൽ 1500 രൂപ വരെ നൽകണം. ആറു മാസം പ്രായമായ കുഞ്ഞുങ്ങൾക്കുള്ള പപ്പാനി വേഷങ്ങളും വിപണിയിലുണ്ട്. രണ്ടാൾ പൊക്കം വരുന്ന എൽ.ഇ.ഡി ലൈറ്റോടുകൂടിയ ക്രിസ്മസ് ട്രീകൾക്ക് 9400 രൂപയാണ് വില. ക്രിസ്മസ് വിപണി സജീവമായതോടെ ഏറെ പ്രതീക്ഷയിലാണ് കച്ചവടക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.