കോഴിക്കോട്: ആനക്കുളം സാംസ്കാരിക നിലയത്തിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ കെട്ടിക്കിടക്കുന്നുവെന്ന മാധ്യമ വാർത്തയെ ചൊല്ലി കോർപറേഷൻ കൗൺസിലിൽ ഭരണ-പ്രതിപക്ഷ ബഹളം. ആന്റിബയോട്ടിക്സുകളും പി.പി.ഇ കിറ്റുകളും ഉൾപ്പെടെ നിരവധി മരുന്നുകളാണ് കെട്ടിക്കിടന്നത്. ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ശ്രദ്ധക്ഷണിക്കലിനിടെ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത ആവശ്യപ്പെട്ടു. സ്വാഭാവികമായ കാര്യത്തെ പർവതീകരിച്ച് കാണിക്കുകയാണ് പ്രതിപക്ഷമെന്നായിരുന്നു ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദിന്റെ വാദം. മാധ്യമങ്ങളിൽ എങ്ങനെ വാർത്ത വന്നുവെന്നും പരിശോധിക്കണം.
സംഭവത്തെ ഡെപ്യൂട്ടി മേയർ ലാഘവത്തോടെ കാണുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചത് ഭരണ-പ്രതിപക്ഷ ബഹളത്തിനിടയാക്കി. കോവിഡ് കാലത്ത് ബാക്കിവന്ന മരുന്നുകളാണ് കെട്ടിക്കിടന്നതെന്നും ഇപ്പോൾ പല സെന്ററുകൾക്കുമായി ഇവ വീതിച്ചുനൽകിക്കൊണ്ടിരിക്കുകയാണെന്നും ഹെൽത്ത് ഓഫിസർ ഡോ. മുനവർ റഹ്മാൻ മറുപടി പറഞ്ഞു. പ്രവർത്തനം അവസാനിപ്പിച്ച ക്യാമ്പുകളിൽനിന്ന് തിരിച്ചുകൊണ്ടുവന്ന സാധനങ്ങൾക്കിടെ കുറച്ചു മരുന്നുകൾ ഉൾപ്പെട്ടതാണെന്ന് ആരോഗ്യ സമിതി ചെയർപേഴ്സൻ ഡോ. എസ്. ജയശ്രീ പറഞ്ഞു. വിഷയ ദാരിദ്ര്യമുള്ള പ്രതിപക്ഷം അവസരം നോക്കിനിൽക്കുന്ന കഴുകനെപ്പോലെയാണ് പെരുമാറുന്നതെന്ന് ഭരണപക്ഷം ആരോപിച്ചതോടെ വീണ്ടും ബഹളമായി.
മെഡിക്കൽ കോളജിലെ മരുന്നുക്ഷാമത്തിനെതിരെ കെ. മൊയ്തീൻ കോയ കൊണ്ടുവന്ന അടിയന്തര പ്രമേയം പാസാക്കാൻ അനുവദിക്കാതെ തള്ളിയതും ബഹളത്തിനിടയാക്കി. ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മെഡിക്കൽ കോളജിന് കുടിശ്ശികയായ 80 കോടി രൂപ അനുവദിക്കാൻ സർക്കാറിനോട് കോർപറേഷൻ ആവശ്യപ്പെടണമെന്നായിരുന്നു പ്രമേയം.
നഗരത്തിൽ പലയിടങ്ങളിലും അനധികൃതമായി കോർപറേഷന്റെ അനുമതിയില്ലാതെ ബങ്കുകളും കടകളും തുടങ്ങുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി. സുലൈമാൻ ശ്രദ്ധ ക്ഷണിക്കലിൽ ആവശ്യപ്പെട്ടു. തങ്ങൾക്ക് എം.എസ്.എം.ഇ രജിസ്ട്രേഷൻ ഉള്ളതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമില്ലെന്നാണ് ചെറുകിട-ഇടത്തരം കച്ചവടക്കാരുടെ വാദം. ലയൺസ് പാർക്കിന് മുന്നിലും സൗത്ത് ബീച്ചിലും ഇത്തരത്തിൽ നിരവധി പെട്ടിക്കടകൾ ഉണ്ടെന്നും ഇവ നഗരവികസനത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്നും കൗൺസിലർമാർ അഭിപ്രായപ്പെട്ടു. ഇത്തരം കടകൾക്കെതിരെ നോട്ടീസ് നൽകാൻ കോർപറേഷന് നിയമ തടസ്സമുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. ഇക്കാര്യത്തിൽ നിയമപരമായി എന്തുചെയ്യാൻ കഴിയുമെന്ന് കൂടിയാലോചിച്ച് സർക്കാറിന് കത്തായി നൽകണമെന്ന് മേയർ ഡോ. ബീന ഫിലിപ് അഭിപ്രായപ്പെട്ടു.
ടാഗോർ ഹാൾ പുനർനിർമാണത്തിനായി സർക്കാറിലേക്ക് ലോണിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതിൽ തീരുമാനമാകാത്തതിനാൽ 49 കോടി രൂപ കെ.യു.ഡി.എഫ്.സിയിൽനിന്ന് വായ്പ എടുക്കുന്നതിനുള്ള അനുമതി തേടിയത് വാദപ്രതിവാദത്തിന് ഇടയാക്കി. രണ്ടു വർഷമായി പൂട്ടിക്കിടന്നശേഷം വായ്പ എടുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചത് കോർപറേഷന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയതെന്ന് എസ്.എ. അബൂബക്കർ ആരോപിച്ചു. കസേര ഉറപ്പിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ച് ടാഗോർ ഹാൾ ഉടൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. കൗൺസിലർമാരായ മൊയ്തീൻ കോയ, സി.എം. ജംഷീർ, നവ്യ ഹരിദാസ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.