വേങ്ങേരി: ഗതാഗതം പുനഃസ്ഥാപിക്കാൻ പലതവണ അവധി പറഞ്ഞ ബാലുശ്ശേരി-തടമ്പാട്ടുതാഴം റോഡ് തുറന്നുകൊടുക്കൽ വൈകുന്നു. വേങ്ങേരി ജങ്ഷനിലെ മേൽപാല നിർമാണം വൈകുന്നതിനാലാണ് തുറന്നുകൊടുക്കൽ വൈകുന്നത്. സ്കൂൾ തുറക്കുന്നതിന് മുമ്പുതന്നെ ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കുമെന്നായിരുന്നു അധികൃതർ റോഡ് അടക്കുന്നതിന് മുമ്പ് അറിയിച്ചത്.
ജൂൺ 12നകം വേങ്ങേരി ബൈപാസ് ജങ്ഷൻ തെക്കുഭാഗം അണ്ടർ ബൈപാസിന്റെ ഒരു ഭാഗം ഗതാഗതത്തിന് തുറക്കുമെന്നും ജൂൺ അവസാനത്തോടെ ബാലുശ്ശേരി-തടമ്പാട്ടുതാഴം റോഡ് ഗതാഗതം ആരംഭിക്കാൻ കഴിയുമെന്നുമാണ് രണ്ടാഴ്ചമുമ്പ് ബന്ധപ്പെട്ടവർ അറിയിച്ചത്. തെക്കുഭാഗം അണ്ടർ ബൈപാസിന്റെ ടാറിങ് പൂർത്തിയായെങ്കിലും ഓവുചാലിന്റേതുൾപ്പെടെ മറ്റു ചില പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
മലാപ്പറമ്പ് നിന്ന് വടക്കോട്ടുള്ള വാഹനങ്ങൾ ഇതുവഴിയാകും പോവുക. ജൂൺ 20ഓടെ മേൽപാലത്തിന്റെ പണി പൂർത്തിയാവുമെന്നും തുടർന്ന് സർവിസ് റോഡിന്റെ പ്രവൃത്തികൂടി പൂർത്തിയായ ശേഷം ബാലുശ്ശേരി-തടമ്പാട്ടുതാഴം റോഡ് ഗതാഗതയോഗ്യമാക്കുമെന്നുമായിരുന്നു അറിയിച്ചിരുന്നത്. തെക്കുഭാഗം അണ്ടർ ബൈപാസ് തുറന്നുകഴിഞ്ഞയുടൻ വടക്കുഭാഗ അണ്ടർപാസിന്റെ പൈലിങ് പ്രവൃത്തി ആരംഭിക്കും.
ദുരിതത്തിലായ ജനങ്ങളുടെയും വ്യാപാരികളുടെയും അമർഷം കുറക്കാൻ അധികൃതർ ഇടക്കിടെ അവധി പറഞ്ഞ് രക്ഷപ്പെടുകയാണെന്ന് വേങ്ങേരി കാർഷിക വിപണന കേന്ദ്രത്തിലെ വ്യാപാരി നാരായണൻ പറഞ്ഞു. റോഡ് അടച്ചതോടെ വ്യാപാരം പേരിന് മാത്രമായി കനത്ത നഷ്ടത്തിലാണെന്നും ചില വ്യാപാരികൾ കടകൾ അടച്ചതായും നാരായണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.