കുറ്റ്യാടി: കൂലംകുത്തിയൊഴുകുന്ന കടന്തറപ്പുഴക്ക് കുറുകെ മരണം മാടിവിളിച്ച് എക്കൽ തൂക്കുപാലം. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് നിർമിച്ച ഈ പാലം പുതുക്കിപ്പണിതിട്ട് രണ്ടു വർഷമായെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം തെങ്ങുകയറ്റ തൊഴിലാളി എക്കൽ അരിയിൽ ഷിജു(35)ജോലി കഴിഞ്ഞുവരുമ്പോൾ ഈ പാലത്തിൽ നിന്ന് കാൽവഴുതി വീണ് മരിച്ചിരുന്നു. താഴെ പാറക്കൂട്ടങ്ങൾ നിറഞ്ഞതു കാരണം ആര് വീണാലും മരണം ഉറപ്പാണ്.
നീന്തൽ വശമുണ്ടായിട്ടും ഫലമില്ല. രക്ഷാപ്രവർത്തനവും അസാധ്യം. മഴക്കാലത്ത് മലമുകളിൽ നിന്ന് വരുന്ന പുഴക്ക് അതിശക്തമായ ഒഴുക്കായതിനാൽ മൃതദേഹം പോലും കണ്ടെത്തുക പ്രയാസം. ഷിജുവിനെ പിറ്റേ ദിവസമാണ് കണ്ടെത്തിയത്.
മൂന്ന് വർഷം മുമ്പ് ഈ പുഴയുടെ മേൽഭാഗത്ത് നിന്ന് ഒഴുക്കിൽപെട്ട് ആറ് യുവാക്കൾ മരിച്ചിരുന്നു. പാലത്തിന്റെ ദുരവസ്ഥ കാരണം രക്ഷാപ്രവർത്തകർക്ക് അക്കരെ ചെന്ന് തിരച്ചിൽ നടത്താനായില്ല. അന്ന് മന്ത്രിമാർ, എം.എൽ.എമാർ എന്നിവർ ദിവസങ്ങൾ ഇവിടെ ക്യാമ്പ് ചെയ്തിരുന്നു. കടവിൽ നടപ്പാലം വാഗ്ദാനം ചെയ്താണ് പോയത്. പശുക്കടവിൽ നിന്ന് പൂഴിത്തോട്ടിലേക്കുള്ള എളുപ്പമാർഗമാണിത്. പൂഴിത്തോട് മിനി ജല വൈദ്യുതി പദ്ധതി പവർഹൗസ് കടവിന് സമീപമാണ്. പാലം കെട്ടാൻ മണ്ണ് പരിശോധന, അളവെടുപ്പ് എന്നിവയൊക്കെ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.