കോഴിക്കോട്: ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക തസ്തിക നിർണയത്തിൽ തീർപ്പ് വരുത്താൻ കഴിയാതെ വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിൽ ഇംഗ്ലീഷിനെ ഭാഷാ വിഷയമായി പരിഗണിച്ച് മറ്റു ഭാഷാ വിഷയങ്ങൾക്ക് തസ്തിക അനുവദിക്കുന്ന അതേ രീതിയിൽ പിരിയഡ് അടിസ്ഥാനത്തിൽ തസ്തികകൾ അനുവദിക്കണമെന്ന ഹൈകോടതി ഉത്തരവാണ് തസ്തിക നിർണയം നടത്താൻ കഴിയാതെ സർക്കാറിന്റെ കൂടുതൽ വിശദീകരണത്തിന് വിദ്യാഭ്യാസ വകുപ്പ് കാത്തിരിക്കുന്നത്.
ആറാം പ്രവൃത്തി ദിനത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ എണ്ണത്തിനാനുപാതികമായി അധ്യാപക തസ്തിക നിർണയം ജൂലൈ 15നകം നടത്തണമെന്ന നിർദേശമുണ്ടെങ്കിലും ഹൈകോടതിയുടെ ഉത്തരവ്പ്രകാരം തസ്തിക നിർണയം നടത്തുന്നത് ഏറെ സങ്കീർണതകൾ സൃഷ്ടിക്കുകയാണ്. ഇതേത്തുടർന്ന് തസ്തിക നിർണയത്തിന്റെ കാലാവധി ദീർഘിപ്പിച്ചു നൽകാനും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇംഗ്ലീഷ് വിഷയം ഒഴിച്ച് മറ്റുവിഷയങ്ങളിൽ തസ്തിക നിർണയം നടത്താനാണ് കഴിഞ്ഞദിവസം ജില്ല വിദ്യാഭ്യാസ മേധാവികൾക്ക് നിർദേശം വന്നത്.
നിലവിൽ ഹൈസ്കൂളുകളിൽ ഇംഗ്ലീഷ് വിഷയത്തെ കോർ വിഷയമായി കണക്കാക്കി തസ്തിക വിതരണ പട്ടികയുടെയും അതത് കോർ വിഷയങ്ങൾക്ക് ലഭ്യമായിട്ടുള്ള ഡിവിഷനുകളുടെയും അടിസ്ഥാനത്തിലാണ് തസ്തികകൾ അനുവദിക്കുന്നത്. പുതിയ ഉത്തരവുപ്രകാരം കൂടുതൽ വിദ്യാർഥികളുള്ള സ്കൂളുകളിൽ ഇംഗ്ലീഷ് തസ്തികകളുടെ എണ്ണം കുറയുകയും കുറഞ്ഞ വിദ്യാർഥികളുള്ള സ്കൂളുകളിൽ തസ്തികകൾ കൂടുകയും ചെയ്യുമെന്ന അവസ്ഥയാണ് സൃഷ്ടിക്കുകയെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.