കോഴിക്കോട്: ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് ആപ് മുഖാന്തരം അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്കരണവും ഡിജിറ്റലൈസ് ചെയ്യുന്ന പ്രവൃത്തി ജില്ലയിലെ 10 തദ്ദേശസ്ഥാപനങ്ങൾ നൂറ് ശതമാനം പൂർത്തീകരിച്ചു. കുറ്റ്യാടി, കൂരാച്ചുണ്ട്, മൂടാടി, നൊച്ചാട്, കട്ടിപ്പാറ, കൂത്താളി, വളയം, ചോറോട്, പുറമേരി, അഴിയൂർ എന്നീ പഞ്ചായത്തുകളാണ് നേട്ടമുണ്ടാക്കിയത്.
ഹരിതകർമസേന അംഗങ്ങൾ ഹരിത മിത്രം ആപ് ഡൗൺലോഡ് ചെയ്ത് വീടുകളും കടകളും കയറിയാണ് വിവരശേഖരണം നടത്തുന്നത്. ഖരമാലിന്യ പ്രോജക്ടുകളിലും തദ്ദേശസ്ഥാപനങ്ങൾ പുരോഗതി നേടി. 33 തദ്ദേശസ്ഥാപനങ്ങൾ പുതിയ എം.സി.എഫ് സ്ഥാപിക്കാൻ പദ്ധതി സമർപ്പിച്ചു. നീർച്ചാലുകൾ വീണ്ടെടുക്കുന്ന ‘ഇനി ഞാനൊഴുകട്ടെ’ പദ്ധതി ജില്ലയിൽ എട്ട് തദ്ദേശസ്ഥാപനങ്ങൾ മാത്രമാണ് ഏറ്റെടുത്തത്. ഇതുവരെ 11.19 കിലോമീറ്റർ നീർച്ചാലുകൾ ശുചീകരിച്ചു. ജാനകിക്കാട്, ലോകനാർകാവ്, സാൻഡ് ബാങ്ക്സ്, കുഞ്ഞാലി മരക്കാർ സ്മാരകം, സർഗാലയ, കാപ്പാട് ബ്ലൂഫ്ലാഗ് ബീച്ച്, ആക്ടിവ പ്ലാനറ്റ് വേളം, പെരുവണ്ണാമൂഴി എന്നിവ ഹരിത വിനോദ സഞ്ചാര കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു.
ഹരിതസുന്ദര ടൗണുകളായി പ്രഖ്യാപിച്ചത് 23 എണ്ണമാണ്. ജില്ലയിൽ 17,631 എണ്ണം ഹരിത അയൽക്കൂട്ടങ്ങളായി. ആകെയുള്ള 12 ബ്ലോക്കുകളിൽ തോടന്നൂർ, മേലടി, പന്തലായനി ബ്ലോക്ക് ഒഴികെ എല്ലാവരും 50 ശതമാനത്തിന് മുകളിൽ പ്രവൃത്തി നടത്തി. വടകര ബ്ലോക്ക് 91.51 ശതമാനം പ്രവൃത്തി പൂർത്തിയാക്കി.
ജില്ലയിലെ 188 കലാലയങ്ങളിൽ 46 എണ്ണം ഹരിത കലാലയമായി പ്രഖ്യാപിച്ചു. ജില്ലയിൽ 816 സ്കൂളുകൾ ഹരിത വിദ്യാലയങ്ങളായി മാറി. ഇതിൽ വടകര ബ്ലോക്ക് നൂറ് ശതമാനം നേട്ടം കൈവരിച്ചു.
ജില്ലയിൽ 1,813 സ്ഥാപനങ്ങളെയാണ് ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചത്. കുന്നുമ്മൽ, തോടന്നൂർ, വടകര, തൂണേരി എന്നീ ബ്ലോക്കുകളാണ് മുന്നിൽ. ‘മാലിന്യമുക്തം നവകേരളം’ ജനകീയ കാമ്പയിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളുടെ അവലോകനം കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.