ഗോവിന്ദപുരം ശ്രീപാർഥസാരഥി ക്ഷേത്രത്തിൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് കവർച്ച

1.മോ​ഷ്ടാ​വ് കു​ത്തി​ത്തു​റ​ന്ന ഭ​ണ്ഡാ​ര​ങ്ങ​ളിലൊന്ന് 2. മോ​ഷ്ടാ​വി​ന്റെ സി.​സി ടി.​വി

ദൃ​ശ്യം

ഗോവിന്ദപുരം ശ്രീപാർഥസാരഥി ക്ഷേത്രത്തിൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് കവർച്ച

കോഴിക്കോട്: നഗരപരിധിയിൽ ക്ഷേത്രഭണ്ഡാരങ്ങൾ കുത്തിത്തുറന്ന്‍ വൻ കവർച്ച. ഗോവിന്ദപുരം ശ്രീപാർഥസാരഥി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളാണ് ശനിയാഴ്ച പുലർച്ച കുത്തിത്തുറന്നത്. ക്ഷേത്രത്തിലെ ഒമ്പത് ഭണ്ഡാരങ്ങളിൽ ആറെണ്ണമാണ് കുത്തിതുറന്ന് പണം കവർന്നത്.

ഒന്ന് കുത്തിപ്പൊളിക്കാനുള്ള ശ്രമവുമുണ്ടായി. കുത്തി തുറന്നവയിൽ അഞ്ചെണ്ണം നാലമ്പലത്തിനുള്ളിലുള്ളവയാണ്. ഒരുമാസം മുമ്പാണ് ഈ ഭണ്ഡാരങ്ങൾ തുറന്ന് ക്ഷേത്ര കമ്മിറ്റി പണമെടുത്തത്. നവരാത്രി മഹോത്സവംകൂടി കഴിഞ്ഞതിനാൽ കുത്തിത്തുറന്ന ഭണ്ഡാരങ്ങളിലായി ഏതാണ്ട് 35,000 മുതൽ 40,000 രൂപ വരെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ടി.എം. സുബ്രഹ്മണ്യൻ മൂസദ് പറഞ്ഞു.

ശനിയാഴ്ച പുലർച്ച 1.45നും 3.45നും ഇടയിലായിരുന്നു കവർച്ച. ക്ഷേത്രത്തിലെ സി.സി ടി.വി കാമറകളിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ബൈക്കിലെത്തിയ മോഷ്ടാവ് ഹെൽമറ്റ് ധരിച്ചുതന്നെയാണ് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നത്. വെള്ളമുണ്ടും ഷർട്ടും ധരിച്ച ഇയാൾ തോളിൽ കറുത്ത ബാഗും തൂക്കിയിരുന്നു.

ക്ഷേത്രത്തിലെ നടപ്പന്തൽ നിർമാണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി സൂക്ഷിച്ച കമ്പി ഉപയോഗിച്ചാണ് പൂട്ടുകൾ കുത്തിത്തുറന്നത്. പൊട്ടിച്ച പൂട്ടുകൾ സമീപങ്ങളിൽ തന്നെയുണ്ട്. മെഡിക്കൽ കോളജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ക്ഷേത്രത്തിൽ നേരത്തേ സുരക്ഷാ ജീവനക്കാരനുണ്ടായിരുന്നെങ്കിലും കോവിഡ്കാലത്ത് സി.സി ടി.വി കാമറകൾ സ്ഥാപിക്കുകയും ജീവനക്കാരനെ ഒഴിവാക്കുകയുമായിരുന്നു.

സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് സ്ഥിരമായി ക്ഷേത്രങ്ങളിൽ കവർച്ച നടത്തുന്ന ആളാണ് മോഷ്ടാവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഈ നിലക്കാണ് അന്വേഷണം പുരോഗമിക്കുന്നത്. 2017 ഏപ്രിൽ 23നും സമാന രീതിയിൽ ക്ഷേത്രത്തിൽ കവർച്ച നടന്നിരുന്നു. അന്ന് ഭണ്ഡാരങ്ങൾ തകർത്തതിനുപുറമെ ക്ഷേത്ര ശ്രീകോവിൽ തുറന്ന് അഞ്ചരപ്പവൻ തൂക്കമുള്ള മാലയും കവർന്നിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച കേസിൽ ആരെയും പിടികൂടാനായിരുന്നില്ല. 

Tags:    
News Summary - Govindapuram Sriparthasarathy temple trespassing and looting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.