കോഴിക്കോട്: എരഞ്ഞിക്കൽ, നടക്കാവ് എന്നിവിടങ്ങളിൽ ചത്ത കോഴികളെ കണ്ടെത്തിയ സാഹചര്യത്തിലുള്ള പരിശോധന ശനിയാഴ്ചയും തുടർന്നു. കോർപറേഷൻ ആരോഗ്യ വിഭാഗം ഹെൽത്ത് സർക്കിൾ ഓഫിസും സോണൽ ഓഫിസും കേന്ദ്രീകരിച്ച് 42 കടകളിൽ പരിശോധന നടത്തി.
പുതിയങ്ങാടിയിലെ കടയിൽ ശനിയാഴ്ചയും ചത്ത കോഴികളെ കണ്ടെത്തി. വെറ്ററിനറി ഡോക്ടർ നടത്തിയ പരിശോധനയിൽ കോഴികൾക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചത്ത കോഴികളെ മാലിന്യം കൊണ്ടുപോകാൻ നിയോഗിച്ച ഫ്രഷ് കട്ട് ഏജൻസിക്ക് കെമാറിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
സ്ഥാപനത്തിന് നോട്ടീസ് നൽകി. ശുചിത്വമില്ലാത്ത കടകൾ, ഫ്രീസർ ഇല്ലാത്ത സ്ഥാപനങ്ങൾ എന്നിവക്ക് നോട്ടീസ് നൽകി. പുതിയങ്ങാടിയിൽ നാല് കടകളിൽ കൂടുകളിൽ കോഴികളെ കുത്തിനിറച്ചത് കണ്ടെത്തി.
കോഴികളെ സൂക്ഷിക്കുന്ന കൂടിനെ ഒമ്പത് എണ്ണമാക്കി മാറ്റി ക്രമീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കടകളിലെ കോഴിമാലിന്യം ദുർഗന്ധം പരക്കാതിരിക്കാൻ കൃത്യമായി ഫ്രീസറിൽ സൂക്ഷിക്കണം. മാലിന്യം മാത്രമേ ഫ്രീസറിൽ വെക്കാൻ പാടുള്ളൂ. ഇറച്ചിയോ മറ്റോ ഫ്രീസറിൽ സൂക്ഷിക്കാൻ പാടില്ലെന്നും ആരോഗ്യ വിഭാഗം നിർദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. മനോജ്, വെറ്ററിനറി ഡോക്ടർ ശ്രീഷ്മ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ മനീഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
എരഞ്ഞിക്കൽ പുതിയപാലത്തിനുസമീപം ബി.കെ.എം ചിക്കൻ സ്റ്റാളിൽനിന്ന് 2000 കിലോയോളം ചത്ത കോഴികളെയും ഇവരുടെ നടക്കാവിലെ സ്റ്റാളിൽനിന്ന് 80 കിലോയും ചത്ത കോഴി പിടികൂടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭക്ഷ്യസുരക്ഷ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവരുടെ സഹകരണത്തോടെ ആരോഗ്യ വിഭാഗം പരിശോധന തുടങ്ങിയത്. പരിശോധന ഇനിയുള്ള ദിവസങ്ങളിൽ ശക്തമാക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.