കൊടുവള്ളി: ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്കായി കിഴക്കോത്ത്, മടവൂർ പഞ്ചായത്തുകളിൽ പ്രധാന റോഡുകളെല്ലാം പൈപ്പുകൾ സ്ഥാപിക്കാനായി വെട്ടിപ്പൊളിച്ചത് പുനർനിർമിക്കാൻ കാലതാമസം വരുത്തുന്നത് ദുരിതമായി മാറി. ഗ്രാമീണ റോഡുകൾ മിക്കവയും ഗതാഗത യോഗ്യമല്ലാതായതോടെ മഴക്കാലമെത്തിയതോടെ ദുരിതം പേറി കഴിയാനാണ് ജനങ്ങൾക്ക് വിധി. നാട്ടിൻ പുറങ്ങളിലേക്ക് ചെറിയ വാഹനങ്ങൾക്ക് പോലും പോകാൻ കഴിയാത്ത നിലയിലാണ്. പ്രവൃത്തിക്കായി റോഡ് കീറി മുറിച്ചതല്ലാതെ പലയിടങ്ങളിലും പൈപ്പ് പോലും ഇട്ടിട്ടില്ല. ചെയ്ത പ്രവൃത്തിയുടെ തുക അനുവദിക്കാതെ തുടർ പ്രവൃത്തി ചെയ്യില്ല എന്ന് കരാറുകാർ നിലപാടെടുത്തതാണ് പ്രവൃത്തി അനന്തമായി നീളുന്നതെന്നാണ് പറയുന്നത്. കാപ്പാട് തുഷാരഗിരി പാതയുടെ ഭാഗമായ കൊടുവള്ളി - കച്ചേരി മുക്ക് റോഡ് ഭാഗത്തെ കുഴിയെടുപ്പ് വലിയ ദുരിതമാണ് വരുത്തിവെച്ചിരിക്കുന്നത്. ചെറിയ വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായിരിക്കുകയാണ്. പ്രതിഷേധമുയർന്നതോടെ മഴക്ക് മുമ്പായി കുറച്ച് ഭാഗം ടാറിങ് നടത്തിയെങ്കിലും മഴ പെയ്തതോടെ ഇവ ഒലിച്ചു പോവുകയായിരുന്നു. മഴ കനത്തതോടെ റോഡ് ചളിക്കുളമായി മാറിയ സാഹചര്യമാണുള്ളത്.
കൊടുവള്ളി നരിക്കുനി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിനുവേണ്ടി പ്രദേശത്തെ ജനങ്ങളുടെ കൂട്ടായ്മയിൽ ജാഗ്രത സമിതി രൂപവത്കരിച്ചിരിക്കുകയാണ്. ജനങ്ങളുടെ ദുരിതാവസ്ഥ മനസ്സിലാക്കി റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് ജൽജീവൻ അധികൃതർ കൃത്യമായ നടപടികൾ സ്വീകരിച്ചിട്ടില്ലെങ്കിൽ നിയമപരമായും ജനകീയമായും ഇടപെടാനാണ് തീരുമാനം. കിഴക്കോത്ത് പഞ്ചായത്തിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിൽ നിലവിലെ പ്രവൃത്തികൾ പൂർത്തീകരിച്ച ശേഷം പുതിയ പ്രവൃത്തികൾ നടത്തിയാൽ മതിയെന്ന് അറിയിച്ചിരുന്നു.
മടവൂർ പഞ്ചായത്തിലും പ്രധാന റോഡുകളെല്ലാം തകർന്ന നിലയിലാണ്. പൈമ്പാലുശേരി - പുല്ലാളൂർ റോഡും, തച്ചൂർ താഴം- എരവന്നൂർ, ചാത്തനാറമ്പ്, പൊയിൽ റോഡുകളുടെ അവസ്ഥ വളരെ ദയനീയമാണ്. പുല്ലാളൂർ- പൈമ്പാലശേരി റോഡിൽ മുട്ടാഞ്ചേരി ഹസനിയ സ്കൂൾ വരെ റോഡിന്റെ രണ്ട് ഭാഗത്തും കുഴിയെടുത്തതിനാൽ കുഴികൾ കാണാതെ അപകടങ്ങൾക്കിടയാകുന്നു. റോഡിന്റെ രണ്ട് സൈഡിലും പൈപ്പിടാനായി കീറിയിട്ടുണ്ട്. പൈമ്പാലശേരി മുതൽ മുട്ടാഞ്ചേരി ഹസനിയ സ്കൂൾ വരെ ഭാഗത്ത് റോഡിന്റെ ഒരു സൈഡിൽ മാത്രമേ ടാറിങ് പൊളിച്ചിട്ടുള്ളു. എന്നാൽ, സ്കൂൾ മുതൽ പുല്ലാളൂർ വരെ റോഡിന്റെ രണ്ട് സൈഡിലും ടാറിങ് പൊളിച്ചതിനാൽ യാത്ര ഏറെ പ്രയാസകരമാണ്.
ജൽജീവൻ പ്രവൃത്തികൾക്കുവേണ്ടി ഗ്രാമീണ റോഡുകൾ വെട്ടിപ്പൊളിച്ചതുകാരണം പഞ്ചായത്തിന്റെ മെയിന്റനൻസ് ഫണ്ട് ഉപയോഗിക്കാനാകാതെ ലാപ്സാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജൽജീവൻ മിഷൻ പ്രവൃത്തിക്കുവേണ്ടി കീറിയ റോഡുകൾ ഉടൻ ടാറിങ് നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ജനപ്രതിനിധികൾ മലാപ്പറമ്പ് ജൽജീവൻ മിഷൻ ഓഫിസിനു മുന്നിൽ ധർണ നടത്തിയിരുന്നു. മഴക്കുമുമ്പ് റോഡുകൾ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കുമെന്ന വാട്ടർ അതോറിറ്റിയുടെ വാഗ്ദാനം ലംഘിക്കപ്പെട്ടതും അധികൃതരുടെ അനാസ്ഥയുമാണ് യാത്രക്കാർക്ക് ദുരിതജീവിതം സമ്മാനിക്കുന്നത്.
ജൽജീവൻ പദ്ധതി ഉടൻ പൂർത്തീകരിച്ച് പദ്ധതിക്കായി കീറിയ റോഡുകൾ ഉടൻ പൂർണമായി ഗതാഗതയോഗ്യമാക്കാൻ നടപടി സ്വീകരിക്കാത്ത നടപടിക്കെതിരെ ഡോ. എം.കെ. മുനീർ എം.എൽ.എയും രംഗത്തുവന്നു. ഉപഭോക്താവിന്റെയും പഞ്ചായത്തുകളുടെയും വിഹിതമില്ലാതെ സർക്കാർ വിഹിതം ഉപയോഗിച്ച് പ്രവൃത്തി അടിയന്തരമായി തീർക്കണമെന്നാണ് എം.എൽ.എ ആവശ്യപ്പെട്ടത്. പണികൾ നടക്കാത്തതിനെതിരെ രാഷ്ട്രീയ പാർട്ടികളും വകുപ്പുകളും പരസ്പരം പഴിചാരുമ്പോൾ ദുരിതം മുഴുവൻ പേറുന്നത് നാട്ടുകാരാണ്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.