കൊയിലാണ്ടി: 'മാധ്യമം' ഇടപെടൽ ഫലം കണ്ടു. ഗവ. പ്രീപ്രൈമറി സ്കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി തുടങ്ങി.
നഗരസഭ സ്കൂളിന്റെ കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തുകയാണെന്ന് വൈസ് ചെയർമാൻ കെ. സത്യൻ 'മാധ്യമ'ത്തോട് പറഞ്ഞു. സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായുള്ള പ്രവൃത്തികൾക്ക് അടിയന്തര ഫണ്ട് അനുവദിച്ചതായി അദ്ദേഹം അറിയിച്ചു. വിശദ രൂപരേഖ തയാറാക്കി 2022-23 വാർഷിക പദ്ധതിയിൽ ഫണ്ടുവെച്ച് സ്കൂൾ ബലപ്പെടുത്തൽ ഉൾപ്പെടെയുള്ള നവീകരണ പ്രവൃത്തികൾ നടത്തും.
സ്കൂൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ചുറ്റുമതിൽ നിർമിക്കും.
കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യവുമുണ്ടാക്കും. പ്രീപ്രൈമറി സ്കൂൾ വളപ്പിൽ പ്രവർത്തിക്കുന്ന പന്തലായനി ഗവ. ഹയർ സെക്കൻഡറിക്ക് ചുറ്റുമതിൽ, കവാടം ഉൾപ്പെടെ നവീകരണ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
അതു നടപ്പാകുന്ന മുറക്ക് ഇതേ വളപ്പിൽ സൗകര്യപ്രദമായ സ്ഥലത്ത് സർക്കാർ, എം.എൽ.എ, നഗരസഭ ഫണ്ട് ഉപയോഗിച്ച് എല്ലാ സൗകര്യങ്ങളുമുള്ള കെട്ടിടം ഗവ. പ്രീപ്രൈമറി സ്കൂളിനു പണിയുമെന്ന് വൈസ് ചെയർമാൻ പറഞ്ഞു.
മേയ് ഏഴിന് 'മാധ്യമം' വാർത്ത നൽകിയതിനെ തുടർന്ന് അടുത്ത ദിവസം ലഭിച്ച ഫണ്ട് ഉപയോഗിച്ച് നവീകരണം തുടങ്ങി. 10 വർഷത്തിനുശേഷം തിങ്കളാഴ്ച സ്കൂൾ ചുമരിൽ ചായം പൂശിത്തുടങ്ങി. മറ്റു നവീകരണ പ്രവൃത്തികൾ വരുംദിവസങ്ങളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.