കൊയിലാണ്ടി: കൊയിലാണ്ടി താമരശ്ശേരി റൂട്ടിൽ ബപ്പൻകാട് റെയിൽവേ നിർമിച്ച അടിപ്പാതയിൽ വൈദ്യുതി വിളക്കുകൾ കത്താത്തത് കാൽനട യാത്രക്കാർക്ക് ദുരിതമാകുന്നു.
താമരശ്ശേരി ഭാഗത്തേക്ക് പോവുന്ന യാത്രക്കാർക്കുണ്ടായിരുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഇവിടെയുണ്ടായിരുന്ന ഗേറ്റ് ഒഴിവാക്കി അടിപ്പാത സ്ഥാപിച്ചത്. പകൽ സമയത്ത് പോലും ഇതിനുള്ളിൽ വെളിച്ചക്കുറവാണ്.
കാൽനടക്കാർക്ക് പരിഗണന കൊടുത്താണ് ഇത് നിർമിച്ചതെങ്കിലും വാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്നതിനാൽ നടപ്പാത വഴിയിൽ ഒരാൾക്ക് കഷ്ടിച്ചു നടന്നു പോകാനുള്ള വീതി മാത്രമേ ഉള്ളൂ. തൊട്ടടുത്തുള്ള കോതമംഗലം ഗവ. യു.പി സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികൾക്കടക്കം റെയിൽവേ ലൈനിന്റെ മറുഭാഗത്ത് എത്താനുള്ള ഏക മാർഗമാണ് ഈ അണ്ടർ പാസ്. വെളിച്ചം കുറവായതിനാൽ പകൽ സമയത്തുപോലും ഭീതിയോടെയാണ് വിദ്യാർഥികൾ നടന്നുപോവുന്നത്.
മഴ തുടങ്ങിയാൽ അണ്ടർപാസിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ അപകട ഭീഷണിയും ഏറെയാണ്. അണ്ടർ പാസ് നിർമിക്കുമ്പോൾതന്നെ അപാകത ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും റെയിൽവേ അവഗണിക്കുകയായിരുന്നു.
അടിയന്തര സ്വഭാവത്തിൽ അണ്ടർ പാസിൽ പരിഷ്കരണം നടപ്പാക്കി സുരക്ഷയും ഹാൻഡ് റെയിലും സ്ഥാപിക്കണമെന്ന് ടീൻ ഇന്ത്യാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഏരിയ ക്യാപ്റ്റൻ ഹസനുൽ ബന്ന അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി മുഹമ്മദ് ഫിസാൻ സ്വാഗതവും വൈസ് ചെയർമാൻ ഇനാം റഹ്മാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.