കോൺഗ്രസ് കോഴിക്കോട് ജില്ല കമ്മിറ്റി ഓഫിസ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരുടെ അഭിമാനം ആവോളം ഉയർത്തിക്കൊണ്ട് ഹൈടെക് ഓഫിസ് യാഥാർഥ്യമായി. രാവിലെ മുതൽതന്നെ നടക്കാവ് വയനാട് റോഡിലെ പുതിയ ഓഫിസിലേക്ക് കോൺഗ്രസ് പ്രവർത്തകരുടെ ആവേശത്തോടെയുള്ള ഒഴുക്കായിരുന്നു.
ഏഴര കോടി രൂപ ചെലവില്‍ ഒന്നര വര്‍ഷമെടുത്താണ് ‘ലീഡര്‍ കെ. കരുണാകരന് മന്ദിര’ത്തിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. ജില്ലയിലെ കോൺഗ്രസ് മുന്നേറ്റത്തിന് തുടക്കമാകുമെന്ന് അടിവരയിട്ടുപറഞ്ഞുകൊണ്ടാണ് പുതിയ കെട്ടിടം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തത്. ഓഫിസില്‍ നിര്‍മിച്ച ഉമ്മന്‍ ചാണ്ടി ഓഡിറ്റോറിയം കെ. സുധാകരന് എം.പി ഉദ്ഘാടനം ചെയ്തു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്തു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. ഓഫിസിലെ ഡോ. കെ.ജി. അടിയോടി റിസര്‍ച്ച് സെന്ററും വെബ്സൈറ്റും ഡോ. ശശി തരൂര്‍ എം.പി ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി മുഖ്യപ്രഭാഷണം നടത്തി. ലീഡര്‍ കെ. കരുണാകരന്റെ പ്രതിമ മുല്ലപ്പള്ളി രാമചന്ദ്രന് അനാച്ഛാദനം ചെയ്തു. ജയ്ഹിന്ദ് സ്ക്വയര്‍ വി.എം. സുധീരന് ഉദ്ഘാടനം ചെയ്തു. എ. സുജനപാല്‍ മെമ്മോറിയല്‍ ലൈബ്രറി ആന്‍ഡ് റീഡിങ് റൂം എം.എം. ഹസനും വി.പി. കുഞ്ഞിരാമക്കുറുപ്പ് സ്ക്വയര്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയും എം. കമലം സ്ക്വയര്‍ എം.കെ. രാഘവന് എം.പിയും ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് ജില്ല കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിന്റെ നിറ സദസ്സ്
ആര്യാടന് മുഹമ്മദ് സ്ക്വയര്‍ എ.പി. അനില്‍ കുമാര്‍ എം.എൽ.എയും എന്‍.പി. മൊയ്തീന് സ്ക്വയര്‍ അഡ്വ. ടി. സിദ്ദീഖ് എം.എൽ.എയും അഡ്വ. പി. ശങ്കരന് മിനി ഓഡിറ്റോറിയം ഷാഫി പറമ്പില്‍ എം.പിയും സിറിയക് ജോണ്‍ സ്ക്വയര്‍ രാജ്മോഹന്‍ ഉണ്ണിത്താന് എം.പിയും ഉദ്ഘാടനം നിര്‍വഹിച്ചു. എം.ടി. പത്മ സ്ക്വയര്‍ കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. ജയന്തും യു. രാജീവന് സ്ക്വയര്‍ അഡ്വ. പി.എം. നിയാസും കെ. സാദിരിക്കോയ സ്ക്വയര്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം എന്‍. സുബ്രഹ്മണ്യനും ഇ.പി. അച്ചുക്കുട്ടി നായര്‍ സ്ക്വയര്‍ മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി. അബുവും ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്: സംഘ്പരിവാർ മുന്നോട്ടുവെക്കുന്ന വര്‍ഗീയതയും മാർക്സിസ്റ്റ് പാർട്ടിയുടെ അക്രമ രാഷ്ട്രീയവും തടയാൻ പ്രവർത്തകർ ദൃഢനിശ്ചയം ചെയ്യണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ.
ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസായ ലീഡർ കെ. കരുണാകരൻ മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ ഉമ്മൻചാണ്ടി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ കോണ്‍ഗ്രസില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. പ്രതീക്ഷകള്‍ക്ക് കോട്ടം വരുത്താന്‍ ഇടയാക്കരുത്. തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ശക്തമായ മുന്നേറ്റം ഉണ്ടാക്കാന്‍ ഐക്യത്തോടെയുള്ള പ്രവര്‍ത്തനം അനിവാര്യമാണ്. മക്കളെ സമ്പന്നരാക്കുന്ന മുഖ്യമന്ത്രിയാണ് സംസ്ഥാനത്തുള്ളതെന്നും പിണറായിയുടെ അഴിമതി നാടകത്തിന്റെ തിരശ്ശീല വൈകാതെ താഴുമെന്നും സുധാകരൻ പറഞ്ഞു. പുതിയ ഓഫിസ് കെട്ടിടത്തിലൂടെ ചരിത്രം രചിക്കാന്‍ കോണ്‍ഗ്രസിന് കഴിയണമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസ് പ്രവര്‍ത്തകര്‍ക്കുള്ള വാഗ്ദാനമാണെന്നും പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് വേണം പാര്‍ട്ടി ഓഫിസ് പ്രവര്‍ത്തിക്കാനെന്നും ശശി തരൂര്‍ എം.പി പറഞ്ഞു.
25 വർഷത്തെ കോൺഗ്രസിന്റെ പ്രവർത്തനം മുന്നിൽക്കണ്ടാണ് കെട്ടിടത്തിന്റെ രൂപകൽപന. 24,000 ചതുരശ്ര അടിയിൽ നാല് നിലകളിലായി പൂർത്തിയാക്കിയ കെട്ടിടത്തിൽ കോൺഗ്രസിന്റെ പോഷക സംഘടനകളുടെ ഓഫിസുകളും ഒരുക്കിയിട്ടുണ്ട്.
രണ്ട് ലിഫ്റ്റുകളും രണ്ടു ഭാഗങ്ങളിലായി ചവിട്ടുപടികളും 60 കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യവും കോമ്പൗണ്ടിൽ കഫറ്റീരിയയും ഒരുക്കിയിട്ടുണ്ട്. ഒന്നാംനിലയിൽ ഡി.സി.സി പ്രസിഡന്റിന്റെ ഓഫിസും തെരഞ്ഞെടുപ്പുകൾക്ക് ജില്ലയെ സജ്ജമാക്കുന്ന കെ.ജി. അടിയോടി റിസർച്ച് സെന്ററും സംഘടന ചുമതലയുള്ള ഡി.സി.സി ജനറൽ സെക്രട്ടറി, ഓഫിസ് ചുമതലയുള്ള ഡി.സി.സി സെക്രട്ടറി, ഓഫിസ് സൂപ്രണ്ട് എന്നിവർക്കുള്ള പ്രത്യേകം മുറികൾ വാർത്തസമ്മേളനത്തിന് വേദിയൊരുക്കാനുള്ള കെ. സാദിരിക്കോയ മെമ്മോറിയൽ മീഡിയ സെന്റർ എന്നിവയാണുള്ളത്. രണ്ടാം നിലയിൽ കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് ഹാളും യു.ഡി.എഫ് ചെയർമാൻ, ജില്ലയിലെ കെ.പി.സി.സി അംഗങ്ങൾക്കുള്ള മുറിയും അടങ്ങിയ കമലം സ്ക്വയറും മഹിള കോൺഗ്രസ് ജില്ല കമ്മിറ്റി ഓഫിസായ എം.ടി. പത്മ സ്ക്വയറും യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി ഓഫിസായ ആര്യാടൻ മുഹമ്മദ് സ്ക്വയറും ഡിജിറ്റൽ മീഡിയ സെൽ, ഒ.ഐ.സി.സി ഇൻകാസ് ഓഫിസും കെ.എസ്.യു ജില്ല കമ്മിറ്റി ഓഫിസും കെ.എസ്.യു ജില്ല കമ്മിറ്റി ഓഫിസും പി. ശങ്കരൻ മെമ്മോറിയൽ മിനി ഓഡിറ്റോറിയവുമാണ് ഒരുക്കിയിട്ടുള്ളത്. മൂന്നാം നിലയിൽ 5000 പുസ്തകങ്ങളോടെ ലൈബ്രറിയും ഡി.സി.സി ഭാരവാഹികളുടെ മുറിയും ദലിത് കോൺഗ്രസ്, സേവാദൾ, ഐ.എൻ.ടി.യു.സി, ഡിപ്പാർട്മെന്റ് സെൽ ഭാരവാഹികളുടെ മുറിയും ജില്ലയിലെ എം.പിമാർക്കുള്ള മുറിയും മുൻ ഡി.സി.സി പ്രസിഡന്റുമാർക്കുള്ള മുറികളുമാണുള്ളത്.
രണ്ടു നില കൂടി പണിയാൻ അനുമതി തേടിയെങ്കിലും ലഭിച്ചിട്ടില്ല. അനുമതി ലഭിച്ചാൽ ആയിരം പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം എന്ന സ്വപ്നവും യാഥാർഥ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.