കുറ്റിക്കാട്ടൂർ: ആനക്കുഴിക്കരയിലെ സ്വകാര്യ അജൈവ മാലിന്യ സംഭരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ കത്തിച്ചാമ്പലായത് ടൺ കണക്കിന് പ്ലാസ്റ്റിക് വസ്തുക്കൾ. ചൊവ്വാഴ്ച വൈകീട്ടോടെയാണ് തീ പൂർണമായി കെടുത്താനായത്. 50 ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
തിങ്കളാഴ്ച രാത്രി 11ഓടെയാണ് ആനക്കുഴിക്കര പാറയിലിലെ സ്റ്റാർക് മെറ്റലിലെ പ്ലാസ്റ്റിക് കൂമ്പാരത്തിന് തീപിടിച്ചത്. കെട്ടിടത്തിന്റെ മുകൾനിലയിൽ താമസിക്കുന്ന ജീവനക്കാരായ അന്തർ സംസ്ഥാന തൊഴിലാളികളാണ് തീപിടിത്തം ആദ്യം അറിയുന്നത്. പ്ലാസ്റ്റിക് കുപ്പികൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് ഉണർന്ന ഇവർ സ്ഥാപന ഉടമകളെയും അഗ്നിരക്ഷാസേനയെയും വിവരമറിയിക്കുകയായിരുന്നു.
വെള്ളിമാട്കുന്ന്, മീഞ്ചന്ത, നരിക്കുനി, മുക്കം, ബീച്ച് ഫയർ സ്റ്റേഷനുകളിൽനിന്നുള്ള ഏഴ് യൂനിറ്റുകൾ ഉടൻ സ്ഥലത്തെത്തി തീയണക്കാൻ ശ്രമം തുടങ്ങി. എന്നാൽ, ആളിപ്പടർന്ന തീയും പ്ലാസ്റ്റിക് കത്തിയുണ്ടായ രൂക്ഷഗന്ധവും മേൽക്കൂര നിലംപൊത്തുമെന്ന ഭീതിയും രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കി.
ഇതിനിടെ, സ്ഥാപനത്തിലുണ്ടായിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടറുകളിൽ രണ്ടെണ്ണം പൊട്ടിത്തെറിച്ചത് ഭീതി പടർത്തി. ഇരുമ്പ് മേൽക്കൂരയുള്ള കൂറ്റൻ ഷെഡ് തകരുകയും ഭാഗികമായി നിലംപൊത്തുകയും ചെയ്തു. കേന്ദ്രത്തിനകത്തെ കെട്ടിടവും പൂർണമായി തകർന്നു.
ആക്രിക്കടകളിൽനിന്നും മറ്റും ശേഖരിക്കുന്ന അജൈവ മാലിന്യവും പ്ലാസ്റ്റിക് ബോട്ടിലുകളും തരംതിരിച്ച് റീസൈക്ലിങ് യൂനിറ്റുകളിലേക്ക് അയക്കുകയാണ് കേന്ദ്രത്തിൽ ചെയ്യുന്നത്.
ചൊവ്വാഴ്ച പുലർച്ച ശക്തമായ മഴ പെയ്തെങ്കിലും തീയണഞ്ഞില്ല. പ്ലാസ്റ്റിക് കത്തിയ രൂക്ഷഗന്ധവും പുകപടലവും പരിസരമാകെ പരന്നത് ഭീതി പടർത്തി. സമീപവാസികൾക്ക് ശ്വാസതടസ്സവും മറ്റും അനുഭവപ്പെട്ടു. അവരോട് മാറിത്താമസിക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു.
മാവൂർ-കോഴിക്കോട് റോഡിൽനിന്ന് 50 മീറ്ററോളം ഉൾഭാഗത്തുള്ള സംഭരണ കേന്ദ്രത്തിന് സമീപം മറ്റു വ്യവസായ യൂനിറ്റുകളടക്കം പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്ക് തീ പടരാതിരിക്കാൻ അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും മറ്റും ഇടപെടൽ സഹായിച്ചു. ഏതാനും വർഷം മുമ്പ് തുടങ്ങിയ സ്ഥാപനം രണ്ടുവർഷമായി കല്ലായി സ്വദേശികളാണ് നടത്തുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് കാരണം റീസൈക്ലിങ് യൂനിറ്റിലേക്ക് കയറ്റിയയക്കാൻ വൈകിയതിനാൽ വൻ ശേഖരമാണ് ഇവിടെ ഉണ്ടായിരുന്നത്. താലൂക്ക് ദുരന്തനിവാരണ സേനാംഗങ്ങളും അഗ്നിരക്ഷാസേനയെ സഹായിക്കാൻ എത്തി. ശക്തമായ പൊലീസ് സാന്നിധ്യവും സ്ഥലത്തുണ്ടായിരുന്നു.
കുറ്റിക്കാട്ടൂർ: ആനക്കുഴിക്കരയിൽ തീപിടിച്ച പ്ലാസ്റ്റിക് സംഭരണകേന്ദ്രത്തിന് ലൈസൻസില്ലെന്ന് ഗ്രാമപഞ്ചായത്ത്. സ്ഥാപനം അടച്ചുപൂട്ടുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.
ഇത്തരമൊരു കേന്ദ്രം പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ടിരുന്നില്ല. നേരത്തേ ഗ്രാമപഞ്ചായത്തിന്റെ എം.സി.എഫ് കേന്ദ്രത്തിൽ തീപിടിത്തമുണ്ടായ സമയത്ത് വ്യാപക പരിശോധന നടത്തിയിരുന്നു. അന്നിവിടെ പ്ലാസ്റ്റിക് മാലിന്യം ഉണ്ടായിരുന്നില്ല. അതേസമയം, സ്ഥാപനത്തിന് ലൈസൻസുണ്ടെന്ന് ഉടമ വ്യക്തമാക്കി. ലൈസൻസ് പൊലീസിൽ ഹാജരാക്കിയിട്ടുണ്ട്.
കുറ്റിക്കാട്ടൂർ: അഗ്നിരക്ഷ സേനാംഗങ്ങൾ മണിക്കൂറുകൾ പ്രവർത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. അതേസമയം, സേനയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്താത്തത് ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. സേനാംഗങ്ങൾക്ക് അത്യാവശ്യമായ കുടിവെള്ളം അടക്കം കിട്ടാൻ പ്രയാസപ്പെട്ടതായി അംഗങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.