വേങ്ങേരി: ദേശീയപാതയിൽ വേങ്ങേരി ഓവർപാസ് നിർമാണത്തിനു തടസ്സമായി നിൽക്കുന്ന ജെയ്ക പദ്ധതിയുടെ പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിന് രണ്ടുമാസം കഴിയും. 220 മീറ്ററിൽ മാറ്റിസ്ഥാപിക്കുന്നതിനുള്ള പൈപ്പുകൾ ഗുജറാത്തിൽനിന്ന് പൂർണമായി എത്തിയെങ്കിലും മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് പ്രവൃത്തി നീട്ടിവെക്കുന്നത്.
പൈപ്പുകളും ബെൻഡുകളും എത്തി അറ്റകുറ്റപ്പണിയും സിമന്റ് തേക്കലും പെയിന്റടിക്കലും കഴിഞ്ഞുവെങ്കിലും മണ്ണിടിച്ചിൽ സാധ്യത പ്രവൃത്തിക്ക് തടസ്സമായിരിക്കുകയാണ്. നിലവിലെ പൈപ്പിന്റെ ഇടതുവശത്തുകൂടിയാണ് പൈപ്പ് മാറ്റിസ്ഥാപിക്കുക. മഴപെയ്ത് മണ്ണിന് ഇളക്കമുള്ളതിനാൽ മണ്ണ് നീക്കംചെയ്യാൻ തുടങ്ങിയാൽ നിലവിലെ പൈപ്പുകൾകൂടി ഇടിഞ്ഞുവീഴുമെന്ന അവസ്ഥയാണ്. നിർമാണ പ്രവൃത്തി ആരംഭിച്ചാൽ തന്നെ 20 ദിവസം വേണ്ടിവരും പൂർത്തീകരിക്കാനെന്ന് കരാറുകാർ പറഞ്ഞു.
പൈപ്പ് േജാലി ആരംഭിച്ചാൽ നഗരത്തിൽ ആറു ദിവസത്തോളം കുടിവെള്ള വിതരണവും മുടങ്ങും. മണ്ണിടിച്ചിൽ സാധ്യതയില്ലാത്ത മലാപ്പറമ്പ് വേദവ്യാസ സ്കൂളിനു സമീപം പ്രോവിഡൻസ് കോളജ് ഭാഗത്തെ പൈപ്പുകൾ മാറ്റുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. 220 മീറ്റർ പൈപ്പാണ് ഇവിടെയും മാറ്റിസ്ഥാപിക്കുന്നത്. ഇരുഭാഗത്തുനിന്നും പൈപ്പുകൾ സ്ഥാപിച്ചുവരുകയാണ്. കൂട്ടിയോജിപ്പിക്കുന്ന വേളയിൽ നാലഞ്ചുദിവസം കുടിവെള്ളം മുടങ്ങുമെന്ന് കരാറുകാർ അറിയിച്ചു.
വെങ്ങളം-രാമനാട്ടുകര ആറുവരി ദേശീയപാതക്ക് കുറുകെ വേങ്ങേരി ജങ്ഷനിൽ 45 മീറ്റർ വീതിയിൽ 27 മീറ്റർ നീളത്തിലാണ് പാലം. പാതിഭാഗമായ 13.5 മീറ്റർ മീറ്റർ നീളത്തിൽ 45 മീറ്റർ വീതിയിൽ നിർമാണം പൂർത്തിയായതാണ്. ആറു വരിയുടെ അവശേഷിക്കുന്ന പാതിഭാഗത്ത് റോഡ് താഴ്ത്തി പുതിയ പാത നിർമിക്കുന്നതിനിടയിലാണ് മണ്ണിടിഞ്ഞ് കുടിവെള്ള പൈപ്പിന് കേടുപാട് സംഭവിച്ചത്. ഇതേത്തുടർന്ന് കഴിഞ്ഞ ജനുവരി 31ന് നിർമാണം നിർത്തിവെച്ചിരുന്നു. കടുത്ത യാത്രാദുരിതെത്ത തുടർന്ന് സമരങ്ങളും പ്രതിഷേധ പരിപാടികളും നടന്നതിന്റെ ഭാഗമായി രണ്ടു വരി ഗതാഗതത്തിന് പാലം നിർമിക്കാൻ അധികൃതർ തയാറാവുകയായിരുന്നു. റോഡ് താഴ്ത്തി രണ്ടുവരി ഗതാഗതത്തിന് പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ജൂലൈ അവസാനത്തോടെ വേങ്ങേരി ജങ്ഷനിലെ ഗതാഗതം പുനഃസ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.