കോഴിക്കോട്: കോഴിക്കോട് ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചതായി പരാതി. അത്തോളി സ്വദേശി മേലേ എളേച്ചികണ്ടി പി.എം. രാജനാണ് (80)മരിച്ചത്. ഇടതുകാൽ വിരലിലെ മുറിവിന് പഴുപ്പ് ബാധിച്ച ചികിത്സതേടിയെത്തിയ രാജന് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. ബുധനാഴ്ച രാത്രി 9.30ന് കോഴിക്കോട് ബീച്ച് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച രാജൻ പുലർച്ചെയോടെ മരിക്കുകയായിരുന്നു.
അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച രാജനെ പത്തേമുക്കാലോടെ 14ാം വാർഡിലേക്ക് മാറ്റി ഡ്രസ് ചെയ്തുകൊടുത്തു. എന്നാൽ പുലർച്ചെ മൂന്നരയോടെ ശക്തമായ പനി അനുഭവപ്പെട്ടു. ഡോക്ടറു നിർദേശ പ്രകാരം നഴ്സ് ഇൻജക്ഷൻ നൽകി. പിന്നീട് ആരോഗ്യസ്ഥിതി കൂടുതൽ വഷളാവുകയും ശ്വാസം മുട്ട് അനുഭവപ്പെടുകയും തുടർന്നു ഛർദി അനുഭവപ്പെട്ടെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നും ബന്ധുക്കൾ പരാതിപ്പെട്ടു. പിന്നീട് ഒരു നഴ്സ് വന്ന് തന്റെ യോഗമാണ് മോനെ എന്ന് പറഞ്ഞ് കൈയൊഴിയുകയായിരുന്നുവെന്നും മകൻ രംലേശ് പറഞ്ഞു.
വെള്ളയിൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം വൈകീട്ടോടെ ബന്ധുക്കൾക്ക് കൈമാറി. മരണത്തിൽ പരാതിയുണ്ടെന്ന് പറഞ്ഞ തന്നെ ബീച്ച് ആശുപത്രി അധികൃതർ വട്ടം കറക്കിയതായും രാവിലെ 11 മണിയോടെയാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയതെന്നും മകൻ രംലേശ് പറഞ്ഞു.ഭാര്യ: മാലതി. മക്കൾ: രംലേശ്, രമ്യ. മരുമക്കൾ: അമൃത, രഘു.വിഷയത്തിൽ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടെങ്കിലും വിശദീകരണം നൽകാൻ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.