കോഴിക്കോട് പബ്ലിക് ലൈബ്രറി
കോഴിക്കോട്: സാഹിത്യ നഗരത്തിൽ മിഠായിത്തെരുവ് കവാടത്തിലെ എസ്.കെ. പൊറ്റെക്കാട്ട് പ്രതിമക്കും വൈക്കം മുഹമ്മദ് ബഷീർ റോഡിനുമിടയിൽ ഉറൂബ് സ്മരകം സ്ഥിതി ചെയ്യുന്ന മാനാഞ്ചിറ പബ്ലിക് ലൈബ്രറിക്ക് മുന്നിൽ എം.ടി. വാസുദേവൻ നായരുടെ പ്രതിമയുയരും.
മാനാഞ്ചിറ സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ എം.ടി സ്മാരകമാക്കി, അവിടെ എം.ടിയുടെ വെങ്കല ശിൽപം സ്ഥാപിക്കാൻ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അവതരിപ്പിച്ച സംസ്ഥാന ലൈബ്രറി കൗൺസിൽ ബജറ്റിലാണ് നിർദേശമുള്ളത്. എം.ടി. സ്മാരകമാവുന്നതോടെ സാഹിത്യ നഗരത്തിലെ മുഖ്യ ആകർഷണമായി വായനശാലയും പരിസരവും മാറുമെന്ന പ്രതീക്ഷയിലാണ് നഗരം.
ഇതോടെ നഗരത്തിൽ ജീവിച്ച മലയാളത്തിന്റെ നാല് സാഹിത്യ കുലപതികൾക്കും തൊട്ടടുത്ത് സ്മാരകമാവും. എം.ടി സ്മാരകമാവാൻ പോവുന്ന ലൈബ്രറിക്കകത്ത് ഒന്നാം നിലയിലാണ് ഉറൂബ് മ്യൂസിയം. ഇവക്കടുത്ത് കോംട്രസ്റ്റിന് മുന്നിലൂടെയുള്ള റോഡിന് ഉറൂബ് റോഡ് എന്ന് പേരു നൽകിയിരുന്നുവെങ്കിലും വിസ്മൃതിയിലായത് മാറ്റാൻ കോർപറേഷൻ പുതിയ ബോർഡ് സ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. മാനാഞ്ചിറ ലൈബ്രറി എം.ടി സ്മാരകമാക്കാൻ ലൈബ്രറി കൗൺസിൽ ബജറ്റിൽ 50 ലക്ഷം രൂപയാണ് വകയിരുത്തിയത്.
വെങ്കല പ്രതിമ സ്ഥാപിക്കാനുള്ള 50 ലക്ഷം രൂപ ഗ്രന്ഥശാല പ്രവർത്തകരിൽനിന്ന് കണ്ടെത്താനാണ് ബജറ്റ് നിർദേശം. സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിൽനിന്നുമായി ഇത് സ്വരൂപിക്കും. രണ്ട് കോടി രൂപ ചെലവിൽ ലൈബ്രറി നവീകരണവും നടക്കും. വെങ്കല പ്രതിമക്കൊപ്പം എം.ടി കഥകൾ പറയുന്ന ചുവരുകളുമുണ്ടാകും. മിഠായിത്തെരുവിലെ പ്രവേശനഭാഗത്ത് തെരുവിന്റെ കഥ ആവിഷ്കരിച്ച മാതൃകയിൽ എം.ടിയുടെ കഥാപാത്രങ്ങൾ ലൈബ്രറിക്ക് മുന്നിലെ എം.ടി സ്ക്വയറിലുണ്ടാവും.
സ്റ്റേറ്റ് പബ്ലിക് ലൈബ്രറിയുടെ ഉപദേശകസമിതി അധ്യക്ഷനായിരുന്നു എം.ടി. വാസുദേവൻ നായർ. ഒരു ലക്ഷത്തോളം പുസ്തകങ്ങളുള്ള സംസ്ഥാനത്തെ തന്നെ വലിയ ലൈബ്രറികളിലൊന്നാണ് മാനാഞ്ചിറയിലേത്. 300 ലധികമാൾ ദിവസവും പുസ്തകമെടുക്കുന്നു. ദിവസവും ആയിരത്തിലേറെയാൾ സന്ദർശിക്കുന്നു.
6500 ലധികം പേർ അംഗങ്ങളാണ്. പൊതുവായനാൃ കേന്ദ്രം, കുട്ടികളുടെ വിഭാഗം, കേരള ഗെസറ്റ് സെക്ഷൻ, ഫിലിം ക്ലബ്, ഹിന്ദി പുസ്തക കോർണർ, ഉറൂബ് മ്യൂസിയം, ഡിജിറ്റൽ വായന സൗകര്യം തുടങ്ങിയവ എം.ടി സ്മാരകമാവാൻ പോവുന്ന ലൈബ്രറിയിലുണ്ട്. 130 പേർക്ക് ഇരിക്കാൻ സൗകര്യമുണ്ട്. രാവിലെ ഒമ്പത് മുതൽ ഏഴ് വരെയാണ് റഫറൻസ് സൗകര്യം. റഫറൻസ് വിഭാഗത്തിൽ രണ്ട് ഷിഫ്റ്റുകളിലായി 300ഓളം വിദ്യാർഥികൾ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.