കോഴിക്കോട്: മെഡിക്കല്‍ കോളജുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് നേട്ടങ്ങള്‍ കൈവരിക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഗവ. മെഡിക്കല്‍ കോളജില്‍ മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക് ലാബും നവജാത ശിശു പരിപാലന കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അഡ്വാന്‍സ്ഡ് മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക് ലാബ്, നവജാത ശിശു പരിപാലനത്തിനായി പ്രത്യേക വിഭാഗം തുടങ്ങിയ വിവിധ വികസന പദ്ധതികളാണ് ആശുപത്രിയില്‍ നടപ്പിലാക്കുന്നത്. മൂന്ന് കോടി രൂപ ചെലവഴിച്ച് പുതിയ ഉപകരണങ്ങള്‍ ലഭ്യമാക്കിയാണ് മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക് ലാബ് സജ്ജീകരിച്ചത്.
മെഡിക്കല്‍ കോളജിലെയും ഇംഹാന്‍സിലെ വിദ്യാർഥികള്‍ക്കായി നിര്‍മിക്കുന്ന ഹോസ്റ്റലുകളുടെ പ്രവൃത്തി ഉദ്ഘാടനവും ലോകാരോഗ്യ സംഘടന വിഭാവനം ചെയ്യുന്ന 'ഉന്നത മാതൃത്വ സംരക്ഷണം' ലക്ഷ്യ ഗുണനിലവാര പരിശോധനയില്‍ കോഴിക്കോട് മാതൃ-ശിശുസംരക്ഷണ കേന്ദ്രത്തിന് ലഭിച്ച ദേശീയ അംഗീകാരത്തിന്റെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ, മേയർ ഡോ. ബീന ഫിലിപ് എന്നിവര്‍ മുഖ്യാതിഥികളായി. എളമരം കരീം എം.പി മുഖ്യപ്രഭാഷണം നടത്തി. ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. സി. ശ്രീകുമാര്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.