കോഴിക്കോട്: ന്യായവില മെഡിക്കൽ ഷോപ്പിലേക്കുള്ള മരുന്നു വിതരണം നിലച്ചതോടെ മെഡിക്കൽ കോളജിൽ ഡയാലിസിസിന് മരുന്ന് ലഭിക്കാതെ വൃക്കരോഗികൾ ദുരിതത്തിൽ. ഡയലൈസർ, പ്രൊട്ടക്റ്റർ, ആസിഡ് എന്നിവയെല്ലാം രോഗികൾ പുറത്തുനിന്നു വാങ്ങിയാലേ ഡയാലിസിസ് ചെയ്യാൻ സാധിക്കുകയുള്ളൂ. ഒരു മാസമായി ഇതാണ് അവസ്ഥ. ഇതിനെതിരെ 20ഓളം രോഗികൾ വ്യാഴാഴ്ച പ്രതിഷേധിച്ചു.
ഡയലൈസർ പുറത്തുനിന്ന് വാങ്ങുമ്പോൾ 900 രൂപ വേണം. ആസിഡിന് 170ഉം പ്രൊട്ടക്റ്ററിന് 50 രൂപയും വേണം. ഇത് സാധാരണക്കാരായ രോഗികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്.
നേരത്തെ ഇതെല്ലാം ന്യായവില മെഡിക്കൽ ഷോപ്പിൽനിന്ന് നൽകിയിരുന്നു. നെഫ്രോളജി യൂനിറ്റ് ആറിൽ മാത്രം ദിവസേന 100 രോഗികളാണ് ഡയാലിസിസ് ചെയ്യുന്നത്. കൂടാതെ അഡ്മിറ്റ് ചെയ്യുന്ന രോഗികൾ മറ്റ് യൂനിറ്റുകളിൽനിന്നും ഡയാലിസിസ് ചെയ്യുന്നുണ്ട്. കുടിശ്ശിക 80 കോടി കടന്നതോടെ ജനുവരി 10 മുതലാണ് മരുന്ന് വിതരണക്കാർ ആശുപത്രി വികസന സമിതിയുടെ ന്യായവില മെഡിക്കൽ ഷോപ്പിലേക്കുള്ള മരുന്നുവിതരണം നിർത്തിവെച്ചത്.
സമരം ആരംഭിച്ചതിന് ശേഷം ഒന്നര മാസത്തെ കുടിശ്ശിക വിതരണക്കാർക്ക് നൽകി. 2024 സെപ്റ്റംബർ വരെയുള്ള കുടിശ്ശിക അനുവദിച്ചാലേ മരുന്നു വിതരണം പുനഃസ്ഥാപിക്കാൻ കഴിയൂവെന്നാണ് വിതരണക്കാർ അറിയിച്ചിരിക്കുന്നത്.
മരുന്ന് ക്ഷാമം പരിഹരിക്കാൻ കാരുണ്യ മെഡിക്കൽ സ്റ്റോർ വഴി അധിക മരുന്ന് എത്തിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും ഇതൊന്നും പ്രശ്നത്തിന് പരിഹാരമാവുന്നില്ല.
ന്യായവില മെഡിക്കൽ ഷോപ്പിൽനിന്ന് മരുന്ന് ലഭിക്കാതായതോടെ കാരുണ്യ ഇൻഷുറൻസ് വഴിയുള്ള ചികിത്സകൾ മുടങ്ങുകയാണ്. അർബുദ രോഗികളുടെ മരുന്നിനും കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.