നാദാപുരം കക്കംവെള്ളി ഭാഗത്ത് മലിനജലം പുറത്തേക്ക് ഒഴുക്കുന്ന സ്ഥാപനങ്ങൾ
കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു
നാദാപുരം: നാദാപുരത്ത് മലിനജലം പുറത്തേക്ക് ഒഴുക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. കച്ചവട സ്ഥാപനങ്ങളിലെയും താമസസ്ഥലങ്ങളിലെയും മലിനജലം ടൗണിലെ പൊതു ഓടകളിലേക്ക് ഒഴുക്കിവിടുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. കഴിഞ്ഞദിവസം ജയ്ഹിന്ദ് ലാബിന് സമീപം സ്വകാര്യ കെട്ടിടത്തിൽനിന്നും പുറത്തേക്ക് ഒഴുക്കിവിട്ട മലിനജലം സമീപത്ത് കെട്ടിക്കിടന്ന് വ്യാപാരികൾക്കും നാട്ടുകാർക്കും പ്രയാസം സൃഷ്ടിച്ചിരുന്നു. പൊതു ഡ്രൈനേജിൽ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകിവന്നതിനെ തുടർന്നാണ് തിങ്കളാഴ്ച നാദാപുരം താലൂക്ക് ആശുപത്രിക്ക് സമീപത്തുള്ള ഡ്രെയിനേജിലെ സ്ലാബുകൾ നീക്കി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. റോഡിനു സമീപത്തുള്ള പത്തിലധികം സ്ഥാപനങ്ങൾക്ക് മുന്നിലുള്ള സ്ലാബുകളാണ് മണ്ണുമാന്തി ഉപയോഗിച്ച് നീക്കി പരിശോധിച്ചത്.
ഇതിൽമണിയറ ഫർണിച്ചറിന് മുന്നിൽ മഴവെള്ളം ഉൾപ്പെടെ ഡ്രൈനേജിലേക്ക് പൈപ്പ് കണക്ഷൻ കൊടുത്ത നിലയിൽകണ്ടെത്തി. ഇതേ തുടർന്ന് വ്യാപാരസ്ഥാപനത്തിന്റെ കണക്ഷൻ ഉറവിടത്തിൽനിന്നുതന്നെ വിഛേദിക്കുകയും ഡ്രൈനേജിലേക്ക് മഴവെള്ളവും, അഴുക്കുവെള്ളവും എത്തുന്ന പൈപ്പ് നീക്കം ചെയ്യുകയും ചെയ്തു. മാലിന്യം കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയ മണിയറ ഫർണിച്ചർ മുതൽ താലൂക്ക് ആശുപത്രി വരെയുള്ള ഡ്രൈനേജിലെ മാലിന്യം നീക്കം ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടുമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, അധികൃതരുടെ നിർദേശത്തിന് വിരുദ്ധമായി ഹോട്ടൽ ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങൾ പൊതു ഡ്രൈനേജിലേക്കാണ് മലിന ജലം ഒഴുക്കിവിടുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പരിശോധനക്ക് സെക്രട്ടറി ടി. ഷാഹുൽഹമീദ്, അസി. സെക്രട്ടറി ടി. പ്രേമാനന്ദൻ, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. പ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.