പയ്യോളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമാണം പുരോഗമിക്കുന്ന പെരുമാൾ പുരത്ത് റോഡ് തകർന്നത് കാരണം കോഴിക്കോട് ഭാഗത്തേക്കുള്ള യാത്ര അത്യന്തം ദുഷ്കരമാവുന്നു. സമാനസ്ഥിതിയുള്ള മറ്റിടങ്ങളിൽ മഴ മാറി നിന്നപ്പോൾ ടാറിങ്ങും കുഴിയടക്കൽ പ്രവൃത്തിയും സാമാന്യം ഭേദപ്പെട്ട നിലയിൽ നടന്നുവെങ്കിലും ഇവിടെ സ്ഥിതിക്ക് മാറ്റം വന്നിട്ടില്ല.
കോഴിക്കോട് ഭാഗത്തേക്കുള്ള സർവിസ് റോഡിൽ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പ് മുതൽ പഴയ എ.ഇ.ഒ ഓഫിസ് പരിസരം വരെ പൊടിയിലും കുഴിയിലും നിറഞ്ഞ് ദേശീയപാത യാത്രായോഗ്യമല്ലാതായിട്ട് മാസങ്ങൾ കഴിയുന്നു. പെട്രോൾ പമ്പ് മുതൽ പയ്യോളി ഹൈസ്കൂളിന് സമീപംവരെ ഇരുന്നൂറ് മീറ്ററോളം ദൂരം സർവിസ് റോഡ് മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. മഴക്കാലത്ത് ഇവിടെ വെള്ളക്കെട്ട് നിറഞ്ഞപ്പോൾ പകരം നിർമാണം പൂർത്തിയാവാത്ത ദേശീയപാത വഴി വാഹനങ്ങൾ വഴി തിരിച്ചുവിടുകയായിരുന്നു.
എന്നാൽ, സമീപത്തെ അടിപ്പാതയുടെ ഭാഗമായി മണ്ണിട്ട് ഉയർത്തേണ്ട സ്ഥലത്ത് കൂടിയാണ് ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത്. ഇവിടെ വയലിന് സമാനമായി കിളച്ച് മറിച്ചിട്ട സ്ഥലത്ത് കൂടെയാണ് മാസങ്ങളായി യാത്രക്കാർ സഞ്ചരിക്കുന്നത്. മഴപെയ്താൽ ഇതുവഴി സഞ്ചരിക്കുന്നത് ഏറെ ദുർഘടമാണ്. സ്ഥിതി ഇത്രയേറെ ദയനീയമായിട്ടും അധികൃതർ തിരിഞ്ഞു നോക്കാത്തതിനെതിരെ നാട്ടുകാരിൽ രൂക്ഷ വിമർശനമുയരുന്നുണ്ട്.
സമീപത്തെ പയ്യോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടായിരത്തിലധികം വിദ്യാർഥികൾ, സി.എച്ച്.സി, സ്വകാര്യ ആശുപത്രി, മൃഗാശുപത്രി, തൃക്കോട്ടൂർ യു.പി സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പോകുന്ന യാത്രക്കാരും വിദ്യാർഥികളും നിത്യേന ദുരിതമനുഭവിക്കുകയാണ്. ടാറിങ് നടത്തി ശാശ്വത പരിഹാരം കാണേണ്ട വഗാഡ് കമ്പനി ഇപ്പോൾ പൊടിശല്യം ഒഴിവാക്കുന്നതിനായി ലോറിയിലൂടെ വെള്ളം ഒഴിക്കുന്ന പ്രവൃത്തിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
എന്നാൽ, കടുത്ത വെയിലിൽ ഇതിന് അൽപനേരം മാത്രമേ ആയുസ്സുള്ളൂ. അതേസമയം മഴ മാറിയിട്ടും സർവിസ് റോഡ് റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കാൻ കരാറുകാരായ വഗാഡ് കമ്പനി തയാറാകാത്തത് നാട്ടുകാരിൽ പ്രതിഷേധമുയരുന്നുണ്ട്. പയ്യോളി ടൗണിൽ സമാന സാഹചര്യം ഉണ്ടായപ്പോൾ ഒരു മാസം മുമ്പ് വാഹനഗതാഗതം ക്രമീകരിച്ചാണ് ഇരു സർവിസ് റോഡുകളും റീ ടാർ ചെയ്തത്. എന്നാൽ, പെരുമാൾപുരം ഭാഗത്ത് റീ ടാറിങ് നടത്താത്തത് ദുരിതമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.