പേരാമ്പ്ര: ചേനോളി കളോളി പൊയിലിൽനിന്ന് മഹാശിലായുഗ ശേഷിപ്പുകൾ കണ്ടെത്തി. ഒറ്റപുരക്കൽ രവീന്ദ്രൻ പുതുതായി പണിത വീടിനായി ശൗചാലയ ടാങ്ക് നിർമിക്കാൻ കുഴിയെടുക്കുമ്പോഴാണ് ഗുഹയും മഹാശിലായുഗ ശേഷിപ്പുകളും കണ്ടെത്തിയത്.
കുഴി എടുക്കൽ ഒരു മീറ്റർ താഴ്ചയിൽ എത്തിയപ്പോളാണ് കുഴിയുടെ ഓരത്ത് കരിങ്കൽ പാളി ശ്രദ്ധയിൽപ്പെട്ടത്. ഈ കല്ലിൽ കൈക്കോട്ട് കൊണ്ട് തട്ടിയപ്പോയപ്പോളാണ് ചെങ്കൽ ഗുഹ ശ്രദ്ധയിൽപ്പെട്ടത്.
ഇവിടെനിന്ന് വിവിധ തരത്തിലുള്ള മൺപാത്രങ്ങളാണ് ധാരാളമായി കണ്ടെത്തിയത്. ഇരിപ്പിടവും ഇരുമ്പ് കൊണ്ടുള്ള ഉപകരണങ്ങളും, പാനം ചെയ്യുന്ന ചെറുപാത്രങ്ങളുടെ ശേഖരവും ഉണ്ട്. മൺപാത്രത്തിനുള്ളിൽ എന്തെല്ലാമുണ്ടെന്ന് പരിശോധിച്ചിട്ടില്ല.
പൊതു പ്രവർത്തകൻ കെ.ടി. ബാലകൃഷ്ണൻ വിവരമറിയിച്ചതിനെ തുടർന്ന് പുരാവസ്തു ഗവേഷകൻ പ്രഫ. കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഗുഹക്ക് 2000- 2500 വർഷം പഴക്കമുണ്ടെന്നാണ് ഇവരുടെ പ്രാഥമിക നിഗമനം.
പരേതരുടെ ശരീരത്തോടൊപ്പം അവർ ഉപയോഗിച്ചിരുന്ന പാത്രങ്ങളും മറ്റ് ഉപകരണങ്ങളും സഹിതം അടക്കം ചെയ്ത സമാധിസ്ഥലമാണ് ഇത്തരം ഗുഹകളെന്നാണ് അവരുടെ നിഗമനം. സമീപ പ്രദേശങ്ങളിൽ ഇനിയും ഇത്തരം ഗുഹകൾ ഉണ്ടാവുമെന്നും അവർ പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് അരിക്കുളം കാളിയത്ത് മുക്കിലും ഇത്തരം ചെങ്കല്ലറകൾ കണ്ടെത്തിയിരുന്നു. മലബാറിൽ മാത്രമെ ഇത്തരം ഗുഹകൾ ഉള്ളൂ.
കുടക്കല്ല്,തൊപ്പിക്കല്ല്, കുട കുത്തി,പണ്ഡവൻ കല്ല്, മുനിയറകൾ തുടങ്ങിയ പേരിലുമുള്ള സമാധി സ്മാരകങ്ങളും കേരളത്തിന്റെ പല ഭാഗങ്ങളിലും കാണപ്പെടുന്നുണ്ട്. ഇവയെല്ലാം മഹാശിലായുഗാവസാനമുള്ള ഇരുമ്പ് യുഗ നിർമിതികളാണെന്നാണ് അനുമാനം.
ഇവിടെ ഉൽഖനനം നടത്തി കൂടുതൽ തെളിവുകൾ കണ്ടെത്താനാണ് ശ്രമം. ഉൽഖനനത്തിനുള്ള സർക്കാറിന്റെ അനുമതി വാങ്ങി ഉടൻ തന്നെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഉൽഖനനം നടത്താനാണ് പുരാവസ്തുഗവേഷണ വകുപ്പിന്റെ തീരുമാനം. മഹാശിലായുഗ ശേഷിപ്പുകൾ കണ്ടെത്തിയതറിഞ്ഞതോടെ നിരവധിയാളുകളാണ് കളോളി പൊയിലിലേക്ക് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.