പേരാമ്പ്ര: പെരുവണ്ണാമൂഴിയിൽ ഉൽപാദിപ്പിക്കുന്ന ആറ് മെഗാവാട്ട് വൈദ്യുതി മൂന്നുകിലോമീറ്റർ അകലെയുള്ള ചക്കിട്ടപാറ 110 കെ.വി സബ് സ്റ്റേഷനിൽ എത്തിക്കാനുള്ള ലൈൻ സ്ഥാപിക്കുന്നതിന്റെ പേരിൽ ഖജനാവിന് കോടികളുടെ നഷ്ടം. വൈദ്യുതി ഉൽപാദനകേന്ദ്രത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. ലോഹത്തൂൺ സ്ഥാപിച്ച് ലൈൻ സ്ഥാപിക്കാനായിരുന്നു ആദ്യ തീരുമാനം.
ഇതിനായി 65 കോടിയോളം രൂപ വകയിരുത്തി പ്രവൃത്തി അവസാന ഘട്ടത്തിലെത്തിയപ്പോൾ പദ്ധതി മാറ്റി. മൂന്ന് കോടി രൂപ വകയിരുത്തി കേബിൾ സ്ഥാപിക്കാൻ പിന്നീട് തീരുമാനമെടുത്തു. ഇപ്പോൾ ഇതിന്റെ പണി അവസാനഘട്ടത്തിലാണ്. ആദ്യം സ്ഥാപിച്ച ലോഹ പോസ്റ്റ് പിഴുതെടുക്കാൻ ഇതിനിടയിൽ തീരുമാനമെടുത്തിട്ടുണ്ട്.
ഒന്നിനു 7000 രൂപയാണ് ഇതിനു നിശ്ചയിച്ചിട്ടുള്ളതെന്നാണു ലഭിക്കുന്ന വിവരം. ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണ് സർക്കാർ ഖജനാവിന് ചോർച്ചയുണ്ടാക്കുന്ന ഈ നടപടി.
സർക്കാർ ഫണ്ട് അടിച്ചുമാറ്റുന്ന ഉദ്യോഗസ്ഥ -കരാർ -രാഷ്ട്രീയ ലോബിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നു കേരള കോൺഗ്രസ് (ജേക്കബ്) ജില്ല ജനറൽ സെക്രട്ടറി രാജൻ വർക്കി ആവശ്യപ്പെട്ടു. പ്രവൃത്തി സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും കരാർ പ്രവൃത്തികളുടെ ബിൽ നൽകരുതെന്നും രാജൻ വർക്കി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.