പേരാമ്പ്ര: ഉള്ള്യേരി -കുറ്റ്യാടി സംസ്ഥാന പാതയിൽ ഹമ്പുകൾ നീക്കം ചെയ്തതിനെ തുടർന്ന് രൂപപ്പെട്ട കുഴികൾ അപകട ഭീഷണി ഉയർത്തുന്നു. സംസ്ഥാന പാത നവീകരിച്ച് ടാറിങ് നടത്തുന്നതിന്റെ ഭാഗമായാണ് ഹമ്പുകൾ നീക്കം ചെയ്തത്. ഉള്ള്യേരി മുതൽ വെള്ളിയൂർ വരെയും പാലേരി മുതൽ കല്ലോട് വരെയുമാണ് നവീകരണ പ്രവൃത്തി നടക്കുന്നത്. ഇവിടെ കല്ലോട് എൽ.പി സ്കൂളിന് സമീപവും കൂത്താളി എ.യു.പി സ്കൂളിന് സമീപവുമാണ് ഹമ്പുകൾ നീക്കം ചെയ്ത ഭാഗത്ത് ഗർത്തങ്ങൾ രൂപപ്പെട്ടത്.
ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെ ഇവിടെ അപകടത്തിൽ പെടുന്നുണ്ട്. വടക്കുമ്പാട് സ്കൂൾ, തെരുവത്ത് കടവ്, ഉള്ള്യേരി യു.പി സ്കൂളിനു സമീപം എന്നിവിടങ്ങളിൽ ഹമ്പുകൾ നീക്കം ചെയ്ത് ടാറിങ് നടത്തിയിട്ടുണ്ട്.
എന്നാൽ കൂത്താളി, കല്ലോട് ഭാഗങ്ങളിൽ ഹമ്പ് നീക്കം ചെയ്ത് ടാറിങ് നടത്താത്തതാണ് അപകടത്തിന് കാരണം. ഇവിടെ വാഹനങ്ങൾ നിരന്തരം അപകടത്തിൽ പെടുന്നത് നാട്ടുകാരും യാത്രികരും അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ട് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രക്കാരിയുടെ തോളിന് പരിക്കേറ്റിരുന്നു.
നിത്യേന നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ കടന്നുപോവുന്ന പ്രധാന പാതയിലാണ് ഇങ്ങനെ അപകടം പതിയിരിക്കുന്നത്. മഴ കാരണമാണ് പ്രവൃത്തി നടത്താൻ കഴിയാത്തതെന്നാണ് അധികൃതർ പറയുന്നതെന്നും തൽക്കാലം ക്വാറി വേസ്റ്റ് ഇട്ടെങ്കിലും കുഴികൾ അടച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.