ഞെളിയൻ പറമ്പ് പ്ലാന്‍റിനായി മാലിന്യം നീക്കി ഒരുക്കിയ സ്ഥലം

മാലിന്യത്തിൽനിന്ന് വൈദ്യുതിയുണ്ടാക്കാൻ ഞെളിയൻ പറമ്പ് പ്ലാന്‍റിന്റെ പൈലിങ് ആരംഭിച്ചു

കോഴിക്കോട്: ഞെളിയൻ പറമ്പിലെ മാലിന്യത്തിൽനിന്ന് വൈദ്യുതിയുണ്ടാക്കാനുള്ള ആധുനിക മാലിന്യ സംസ്കരണ പ്ലാന്റിന്റെ പൈലിങ് ജോലികൾ ആരംഭിച്ചു. 2020 ജനുവരി ആറിന് മുഖ്യമന്ത്രി തറക്കല്ലിടുമ്പോൾ മൂന്ന് ഘട്ടമായി രണ്ടുകൊല്ലംകൊണ്ട് പണിപൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഞെളിയൻ പറമ്പിൽ നിലവിലുള്ള മാലിന്യവും മറ്റും നീക്കാൻ ആറുമാസം പിടിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

പ്ലാന്‍റിന് 2020 ആഗസ്റ്റ് 12ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം ലഭിച്ച് ഒക്ടോബർ 25ന് ഭൂമിപൂജയും നടത്തി. എന്നാൽ, രണ്ട് കൊല്ലം കഴിഞ്ഞിട്ടും നിർമാണപ്രവർത്തനങ്ങൾ തുടങ്ങാനായില്ല. കോവിഡ് നിയന്ത്രണങ്ങളും പ്രളയവും മറ്റ് സാങ്കേതിക പ്രശ്നങ്ങളുമെല്ലാം ഇതിന് കാരണമായി.

ഇപ്പോൾ പ്ലാന്‍റിന്റെ നിർമാണം നടക്കേണ്ട ഒന്നാം മേഖലയിലെ മാലിന്യം മുഴുവനായി മാറ്റിക്കഴിഞ്ഞതായും പൈലിങ് നടപടികൾ തുടങ്ങിയതായും കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ പറഞ്ഞു. മാലിന്യം നീക്കാനുള്ള 6.5 ഏക്കർ സ്ഥലത്തുനിന്ന് 2.15 കോടി ചെലവിൽ 40 ശതമാനത്തോളം സ്ഥലം മാലിന്യമുക്തമാക്കി നിർമാണ പ്രവൃത്തി തുടങ്ങാനാവുന്ന വിധം വീണ്ടെടുത്തതായാണ് കണക്ക്. മൂന്ന് മേഖലകളാക്കിയാണ് പ്ലാന്‍റ് നിർമാണം നടക്കുന്നത്.

നീക്കിയ മണ്ണ് പരിശോധനക്കുശേഷം ഉപയോഗിക്കും

ഞെളിയൻ പറമ്പിലെ നിലവിലുള്ള മാലിന്യം നീക്കുന്ന നടപടിയാണ് രണ്ട് കൊല്ലത്തോളമായി കാര്യമായി നടക്കുന്നത്. മണ്ണിൽനിന്ന് പ്ലാസ്റ്റിക് അരിച്ചെടുത്ത് മാറ്റിയാണിത് ചെയ്യുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള മാലിന്യം നീക്കുമ്പോൾ മഴയും വെള്ളം കയറലും പ്രശ്നമാണ്. അതുകൊണ്ടാണ് പ്രവൃത്തി മന്ദഗതിയിലായത്.

അരിച്ചെടുക്കുന്ന പ്ലാസ്റ്റിക് മാലിന്യം കട്ടകളാക്കി സൂക്ഷിച്ച് പ്ലാന്‍റ് വരുമ്പോൾ അതിലിട്ട് കത്തിക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ണ് ഭൂമി നികത്താനായി ഉപയോഗിക്കാം.

ഇതിനായി മണ്ണ് പരിശോധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കരാറുകാർക്ക് കോർപറേഷൻ നിർദേശം നൽകിയിട്ടുണ്ട്. കമ്പനി സ്വകാര്യലാബിൽനിന്നുള്ള മണ്ണ് പരിശോധന ഫലം ഹാജരാക്കിയെങ്കിലും കോർപറേഷൻ അംഗീകരിച്ചിട്ടില്ല.

പരിശോധന ഫലം വന്നാൽ മണ്ണ് നികത്താനായി മാറ്റാനാവും. 1962 മുതൽ മലം അടക്കം നിക്ഷേപിക്കുന്ന സ്ഥമായിരുന്ന ഇവിടെ 2000 മുതലാണ് പ്ലാസ്റ്റിക്കടക്കം മാലിന്യങ്ങൾ തള്ളാൻ തുടങ്ങിയത്.

പണി തീർക്കേണ്ടത് ഒന്നരക്കൊല്ലത്തിനകം

2023 സെപ്റ്റംബർ മാസത്തോടുകൂടി പ്ലാന്‍റ് പണി പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെ ഞെളിയൻപറമ്പിലുള്ള 12.47 ഏക്കർ സ്ഥലത്താണ് വേസ്റ്റ് ടു എനർജി പ്ലാൻറ് സ്ഥാപിക്കുന്നത്.

300 കോടി രൂപ മുതൽ മുടക്കുള്ള പദ്ധതി ബംഗളൂരു ആസ്ഥാനമായ സോണ്ട ഇൻഫോടെക് എന്ന സ്ഥാപനമാണ് നടപ്പാക്കുന്നത്. പദ്ധതി നടത്തിപ്പിനായി മാത്രം രൂപവത്കരിച്ച മലബാർ വേസ്റ്റ് മാനേജ്മെൻറ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് നിർമാണ ചുമതല. ഇപ്പോഴുള്ള 1,30,000 എം ക്യൂബ് മാലിന്യം ബയോ മൈനിങ്ങും കാപ്പിങ്ങും നടത്തി സ്ഥലം ഒരുക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്.

ദിവസം 450 ടൺ ജൈവ അജൈവ മാലിന്യങ്ങൾ സംസ്കരിച്ച് ദിവസം ആറ് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയാണിത്. വൈദ്യുതി യൂനിറ്റിന് 6.81 രൂപക്ക് കെ.എസ്.ഇ.ബി വാങ്ങാൻ ധാരണയായിട്ടുണ്ട്. കോർപറേഷൻ കൂടാതെ സമീപ നഗരസഭകളായ രാമനാട്ടുകര, ഫറോക്ക്, കൊയിലാണ്ടി എന്നിവിടങ്ങളിലും സമീപ ഗ്രാമ പഞ്ചായത്തുകളായ ഒളവണ്ണ, കുന്ദമംഗലം, കടലുണ്ടി ഭാഗങ്ങളിലുമുള്ള മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് പ്ലാന്‍റ് ഉപയോഗിക്കാനാവുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - piling of Njeliyanparambu plant started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.