കോഴിക്കോട്: കോവൂർ-ഇരിങ്ങാടൻപള്ളി റോഡിലെ പാതിരാ കച്ചവടവുമായി ബന്ധപ്പെട്ട് വീണ്ടും സംഘർഷം. കടകൾ ബലമായി അടപ്പിക്കാനുള്ള നാട്ടുകാരുടെ ശ്രമം കച്ചവടക്കാർ തടഞ്ഞതോടെ ഇരുവിഭാഗവും ഏറ്റുമുട്ടി. ജീവനക്കാർ ഉൾപ്പെടെ നാലു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാതിരാ കച്ചവടത്തിന് ഒരു മാസത്തേക്ക് വിലക്ക് ഏർപ്പെടുത്താൻ വ്യാഴാഴ്ച കൗൺസിലർമാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. ഒരു മാസത്തേക്കാണ് വിലക്കിന് തീരുമാനിച്ചത്. കച്ചവടക്കാരും നാട്ടുകാരുമുൾപ്പെടെയുള്ള യോഗത്തിലായിരുന്നു തീരുമാനം വന്നത്.
രാത്രി 10.30വരെ കടകൾ നടത്താനും അതിനുശേഷം കടകൾ അടക്കാനുമായിരുന്നു തീരുമാനം. ഇതനുസരിച്ച് കടകൾ അടപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ എത്തിയതോടെയാണ് രാത്രി സംഘർഷമുണ്ടായത്. പത്തരയോടെ കടകൾ അടക്കണമെന്ന തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് അറിയിച്ച് തങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയിരുന്നുവെന്നും, വലിയ വാടക കൊടുത്തും ലോണെടുത്തുമാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും. ഈ അവസ്ഥയിൽ നേരത്തേ കടകൾ അടക്കണമെന്ന നിർദേശം പ്രായോഗികമല്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി വി. സുനിൽകുമാർ അറിയിച്ചു. കച്ചവട സ്ഥാപനങ്ങളുമായി ലഹരി സംഘങ്ങൾക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. രാത്രി കാലങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞു കടകളിൽ കയറിയുള്ള അക്രമം അവസാനിപ്പിക്കാൻ പൊലീസ് നടപടി സ്വീകരിക്കണമെന്ന് ഏകോപന സമിതി ജില്ല കമ്മിറ്റിയും ആവശ്യപ്പെട്ടു. കോവൂർ-ഇരിങ്ങാടൻപള്ളി റോഡിലെ പാതിരാ കച്ചവടവുമായി ബന്ധപ്പെട്ട് ദിവസങ്ങളായി തുടരുന്ന സംഘർഷത്തെ തുടർന്നാണ് ഇന്നലെ കൗൺസിലർമാരായ ടി.കെ. ചന്ദ്രൻ, ഡോ. പി.എൻ. അനിത, ടി. സുരേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ വ്യാപാരി സംഘടനകൾ, റെസിഡൻസ് അസോസിയേഷൻ, കച്ചവടക്കാർ, പ്രദേശവാസികൾ എന്നിവരുടെ യോഗം വിളിച്ചു ചേർത്തത്.
നിലവിൽ ഏർപ്പെടുത്തിയ നിയന്ത്രണം സംബന്ധിച്ച് പരിശോധിക്കുകയും പിന്നീട് യോഗം ചേർന്ന് തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യാനും തീരുമാനിച്ചിരുന്നു. അതേസമയം നിയന്ത്രണങ്ങൾ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്നും സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും കച്ചവടക്കാർ വ്യക്തമാക്കിയെങ്കിലും നാടിന്റെ സുരക്ഷയിൽ വിട്ടുവീഴ്ചക്ക് നാട്ടുകാർ തയാറായില്ല. മെഡി.കോളജ് ആശുപത്രിയിലേക്ക് പോകുന്ന ആംബുലൻസുകൾക്ക് വരെ വഴിതടസമുണ്ടാക്കും വിധത്തിലാണ് രാത്രിയിൽ കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിൽ വാഹനങ്ങൾ നിർത്തിയിടുന്നതെന്ന് നാട്ടുകാർ യോഗത്തിൽ വ്യക്തമാക്കി. ലഹരിയുടെ ഉപയോഗവും രാത്രി ഈ മേഖലയിൽ വർധിക്കുകയാണ്. ഇതിനെല്ലാം കാരണം രാത്രി ഏറെ വൈകിയുള്ള കടകളുടെ പ്രവർത്തനമാണെന്നും മറ്റു ജില്ലകളിൽ നിന്ന് വരെ അപരിചിതരുടെ സംഘം ഈ പ്രദേശത്തുണ്ടാകാറുണ്ടെന്നും നാടിന്റെസുരക്ഷയെ ഇത്തരം സംഭവങ്ങൾ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.