കോഴിക്കോട്: പ്രധാനമന്ത്രി ആവാസ് യോജന ഭവന നിർമാണ പദ്ധതിക്ക് (പി.എം.എ.വൈ) പുതിയ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സർവേയിൽ വെള്ളംചേർത്ത് സംസ്ഥാന തദ്ദേശ വകുപ്പ്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ മാർഗനിർദേശ പ്രകാരം നടത്തുന്ന ആവാസ് പ്ലസ് സർവേയിലാണ് വെള്ളം ചേർത്തത്. സംസ്ഥാനത്ത് പി.എം.എ.വൈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലൈഫ് പദ്ധതിയുമായി സംയോജിപ്പിച്ച് നടപ്പാക്കാനാണ് നീക്കം. സംസ്ഥാന സർക്കാറിന്റെ ലൈഫ് ഭവന പദ്ധതിയുടെയും പി.എം.എ.വൈ പദ്ധതിയുടെയും ഗുണഭോക്താക്കൾക്കുള്ള മാനദണ്ഡങ്ങളും തിരഞ്ഞെടുപ്പ് രീതികളും തികച്ചും വ്യത്യസ്തമാണെന്നിരിക്കെയാണ് പദ്ധതികൾ ലയിപ്പിച്ച് നടപ്പാക്കുന്നത്.
ലൈഫ് ഭവന പദ്ധതിയുടെ ശേഷിക്കുന്ന ലിസ്റ്റിൽനിന്ന് പി.എം.എ.വൈ മാനദണ്ഡപ്രകാരം അർഹരായവരെ ഉൾപ്പെടുത്തുന്നതിനോടൊപ്പം നിലവിൽ ഭവനരഹിതരും ഒരു ലിസ്റ്റിലും ഉൾപ്പെടാത്തവരെയും സർവേയിൽ ഉൾപ്പെടുത്തിയാൽ മാത്രമേ യഥാർഥ ഉദ്ദേശ്യലക്ഷ്യങ്ങൾ നിറവേറ്റപ്പെടുകയുള്ളു. എന്നാൽ, സംസ്ഥാന തദ്ദേശ വകുപ്പിന്റെ പുതിയ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ നിലവിൽ ലൈഫ് പട്ടികയിൽ ഭവന നിർമാണ ധനസഹായം ലഭിക്കാതെ അവശേഷിക്കുന്നവരെ മാത്രം ഉൾപ്പെടുത്തി സർവേ നടത്തിയാൽ മതിയെന്നാണ് ഫീൽഡ് ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം. ലൈഫ് ലിസ്റ്റ് തന്നെ നിരവധി ആക്ഷേപങ്ങൾക്കിടവരുത്തിയെന്നു മാത്രമല്ല, പരാതികൾ പൂർണമായി പരിഹരിച്ചിട്ടുമില്ല. താരതമ്യേന അർഹത കുറഞ്ഞവരും അവശേഷിക്കുന്നവരുടെ പട്ടികയിലുണ്ട്. അർഹതയുള്ളവർ ഒരു ലിസ്റ്റിലും പെടാതെ ദിവസേന ഓഫിസുകൾ കയറിയിറങ്ങുന്ന സ്ഥിതിയുമുണ്ട്.
പരസ്പര വിരുദ്ധങ്ങളുമായ ഉത്തരവുകളാണ് ഇതുസംബന്ധിച്ച് തദ്ദേശ വകുപ്പിൽനിന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് തുടർച്ചയായി ലഭിക്കുന്നത്.
ഏതു മാനദണ്ഡങ്ങൾ അനുസരിച്ചായാലും അർഹരായവർ ലിസ്റ്റുകളിൽ ഉൾപ്പെടാതെ പുറത്തുനിൽക്കുമ്പോൾ ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടവരെ മാത്രം ഉൾപ്പെടുത്തി പി.എം.എ.വൈ ലിസ്റ്റ് തയാറാക്കിയാൽ സർവേയുടെ സത്യസന്ധതതന്നെ ചോദ്യംചെയ്യപ്പെടുമെന്നാണ് ആക്ഷേപം. കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറിനയച്ച കത്തിൽ അർഹതയുള്ള എല്ലാ കുടുംബങ്ങളെയും സർവേയിൽ ഉൾപ്പെടുത്തണം എന്നാണ്. എന്നാൽ, നിലവിൽ ലൈഫ് ലിസ്റ്റിൽ ഇല്ലാത്ത അർഹരെപോലും പരിഗണിക്കാൻ കഴിയാത്ത തരത്തിലാണ് തദ്ദേശ വകുപ്പിന്റെ നിർദേശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.